കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് വൈദിക സമ്മേളനം: ഒടുവില്‍ സിഎസ്ഐ സഭയ്ക്കെതിരേ കേസെടുത്തു
ഇടുക്കി: കൊവിഡ് രണ്ടാംതരംഗം രൂക്ഷമാവുന്നതിനിടെ പ്രോട്ടോക്കോള്‍ ലംഭിച്ച് മൂന്നാറില്‍ വൈദിക സമ്മേളനം സംഘടിപ്പിച്ച സംഭവത്തില്‍ പ്രതിഷേധത്തിനൊടുവില്‍ അധികൃതര്‍ നടപടിയെടുത്തു. സമ്മേളനം നടത്തിയ സിഎസ്ഐ സഭയ്ക്കെതിരേ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം പോലിസ് കേസെടുത്തു. മൂന്നാര്‍ സിഎസ്ഐ ക്രൈസ്റ്റ് ചര്‍ച്ച് ഭാരവാഹികളും സമ്മേളനത്തില്‍ പങ്കെടുത്ത ദക്ഷിണ കേരള മഹാ ഇടവക വൈദികരും കേസില്‍ പ്രതികളാവുമെന്നാണ് വിവരം. ദക്ഷിണ കേരള മഹാഇടവക ബിഷപ്പ് എ ധര്‍മരാജ് റസാലവും പ്രതിപ്പട്ടികയിലുണ്ടായേക്കും. വൈദിക സമ്മേളനത്തില്‍ പങ്കെടുത്ത നൂറോളം പേര്‍ക്ക് കൊവിഡ് ബാധിക്കുകയും രണ്ടുപേര്‍ മരണപ്പെടുകയും ചെയ്തിരുന്നെങ്കിലും അധികൃതര്‍ നടപടിയെടുത്തിരുന്നില്ല.
കൊവിഡ് മാനദണ്ഡങ്ങളെല്ലാം കാറ്റില്‍പ്പറത്തി ഏപ്രില്‍ 13 മുതല്‍ 17 വരെ വരെയാണ് മൂന്നാറില്‍ വൈദിക സമ്മേളനം നടന്നത്. വിവിധ പള്ളികളില്‍ നിന്നായി 400ഓളം പുരോഹിതര്‍ പങ്കെടുത്തിരുന്നു. പിന്നീട് കൊവിഡ് സ്ഥിരീകരിച്ച് വൈദികന്‍ റവ. ബിജുമോന്‍, റവ. ഷൈന്‍ ബി രാജ് എന്നിവരാണ് മരിച്ചത്. രോഗബാധിതരായ പുരോഹിതരില്‍ പലരെയും കാരക്കോണത്തെ ഡോ. സോമര്‍വെല്‍ സിഎസ് ഐ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചിലര്‍ വീടുകളില്‍ തന്നെ ക്വാറന്റൈനില്‍ കഴിയുകയായിരുന്നു. പ്രദേശവാസിയായ വിശ്വാസി ഇതുസബംന്ധിച്ച് മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും പരാതി നല്‍കിയിരുന്നെങ്കിലും ആദ്യം നടപടിയെടുത്തിരുന്നില്ല.
