ന്യൂയോർക്ക്: ലോകത്ത് 36.5 കോടി ക്രൈസ്തവർ കടുത്ത വിവേചനത്തിനും വേട്ടയാടപ്പെടലിനും ഇരയാകുന്നതായി റിപ്പോർട്ട്. ആഗോള ക്രൈസ്തവ സമൂഹം നേരിടുന്ന അതിരൂക്ഷമായ പീഡനത്തെ കുറിച്ച് അന്താരാഷ്ട്ര സംഘടനയായ ‘ഓപ്പൺ ഡോഴ്സാണ് 2026-ലെ ‘വേൾഡ് വാച്ച് ലിസ്റ്റ്’ റിപ്പോർട്ട് പുറത്തുവിട്ടത്.
പട്ടികയിൽ ഒന്നാം സ്ഥാനത്ത് മാറ്റമില്ലാതെ തുടരുന്നത് ഉത്തര കൊറിയയാണ്. കിം ജോങ് ഉന്നിന്റെ ഭരണത്തിന് കീഴിൽ ബൈബിൾ കൈവശം വെക്കുന്നതും പ്രാർത്ഥിക്കുന്നതും വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണ്.
നൈജീരിയയിൽ തീവ്രവാദ ഗ്രൂപ്പുകളുടെ ആക്രമണത്തിൽ ആയിരക്കണക്കിന് വിശ്വാസികൾ കൊല്ലപ്പെടുമ്പോൾ, പാകിസ്ഥാനിൽ മതനിന്ദാ നിയമങ്ങൾ ദുരുപയോഗം ചെയ്യപ്പെടുന്നതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ചൈനയിലെ ഡിജിറ്റൽ നിരീക്ഷണവും ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിലെ അതിക്രമങ്ങളും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.കഴിഞ്ഞ വർഷം മാത്രം പതിനായിരത്തിലധികം പള്ളികൾ ആക്രമിക്കപ്പെടുകയോ അടച്ചുപൂട്ടുകയോ ചെയ്തു.
മതസ്വാതന്ത്ര്യം ലംഘിക്കപ്പെടുന്നത് അംഗീകരിക്കാനാവില്ലെന്നും പീഡിപ്പിക്കപ്പെടുന്നവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കണമെന്നും വത്തിക്കാൻ ആവശ്യപ്പെട്ടു. ആധുനിക ലോകത്ത് വിശ്വാസത്തിന്റെ പേരിൽ മനുഷ്യർ നരകയാതന അനുഭവിക്കുന്നത് ലോകമനസാക്ഷിയെ ഞെട്ടിക്കുന്നതാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. വിശ്വാസത്തിന്റെ പേരിൽ മാത്രം ആയിരക്കണക്കിന് ആളുകൾ ഓരോ വർഷവും കൊല്ലപ്പെടുകയും തടവിലാക്കപ്പെടുകയും ചെയ്യുന്നുണ്ട്.

Comments are closed.