കല്ലയം: ഉത്തരപ്രദേശിലെ കാൺപൂരിൽ അറസ്റ്റ് ചെയ്യപ്പെട്ട പാസ്റ്റർ ആൽബിന്റെ നെടുമങ്ങാട്, കല്ലയത്തെ ഭവനം പെന്തക്കോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യ, ഭാരവാഹികളായ പാസ്റ്റർ കെ എ തോമസ്,പാസ്റ്റർ ലിജു വിതുര, പാസ്റ്റർ ക്രീസ്തുദാസ്, ബ്രദർ സുനിൽ, പാസ്റ്റർ ജിജോ ജോസഫ്, ബ്രദർ ദിലീപ് കുമാർ എന്നിവർ സന്ദർശിച്ചു.
പാസ്റ്റർ ആൽബിൻ്റെ മാതാവിനെയും സഹോദരൻ ആൻസലിനേയും കുടുംത്തെയും കണ്ടു. വിവരങ്ങൾ അന്വേഷിച്ചു. പാസ്റ്റർ ആൽബിൻ്റെ ജാമ്യത്തിനും ജയിൽ മോചനത്തിനും സാധ്യമായതെല്ലാം ചെയ്യുമെന്നും വിഷയം സർക്കാരിൻ്റെ ശ്രദ്ധയിൽ പെടുത്തുമെന്നും ഭാരവാഹികൾ കുടുംബാംഗങ്ങളെ അറിയിച്ചു.
ബജംറഗ്ദളിന്റെ പരാതിയിൽ ജാമ്യമില്ല വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട ആൽബിൻ ഇപ്പോൾ റിമാൻഡിലാണ്.
ജനുവരി 13നാണ് മതപരിവർത്തനം നടത്തുന്നുവെന്ന് ആരോപിച്ച് പാസ്റ്ററെ അറസ്റ്റ് ചെയ്തത്. ഹിന്ദുക്കളെ മതപരിവർത്തനം നടത്തുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിൽ നൗരംഗ ഗ്രാമത്തിൽ നിന്നാണ് പാസ്റ്ററെ അറസ്റ്റ് ചെയ്തതെന്ന് യു.പി പൊലീസ് അറിയിച്ചു. തുടർന്ന് കോടതിയിൽ ഹാജരാക്കി ഇയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയായിരുന്നു. നൗരംഗ ഗ്രാമത്തിലെ വീടിനുള്ളിൽവെച്ച് പ്രാർഥനയോഗം നടക്കുന്നതിനിടെ ബജ്രംഗ്ദൾ പ്രവർത്തകർ പ്രതിഷേധവുമായി എത്തുകയും പിന്നാലെ പൊലീസിനെ വിവരമറിയിച്ച് മതപരിവർത്തനം ആരോപിക്കുകയുമായിരുന്നു. തുടർന്ന് ബജരംഗ്ദൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പാസ്റ്റർ ഉൾപ്പടെ അവിടെയുണ്ടായിരുന്ന ആളുകളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒടുവിൽ പാസ്റ്ററെ ഒഴികെ മറ്റുള്ളവരെയെല്ലാം പൊലീസ് വിട്ടയക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
അതേസമയം, പ്രാർഥന യോഗത്തിൽ അലങ്കോലപ്പെടുത്തിയത് ബജ്രംഗ്ദൾ പ്രവർത്തകർക്കെതിരെ പാസ്റ്ററുടെ കുടുംബാംഗങ്ങൾ പരാതി നൽകിയിട്ടുണ്ട്. ഈ പരാതിയിൽ യു.പി പൊലീസ് നടപടിയെടുത്തിട്ടില്ല. തെളിവ് ലഭിക്കുകയാണെങ്കിൽ കേസെടുക്കാമെന്നാണ് പൊലീസ് ഭാഷ്യം.

Comments are closed.