ന്യൂഡൽഹി: വിദേശ വിദ്യാർത്ഥികൾക്ക് വിസ അനുവദിക്കുന്നതിന് മുമ്പ് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പരിശോധിക്കുന്നത് നിർബന്ധമാക്കാനുള്ള ട്രംപ് ഭരണകൂടത്തിൻ്റെ നീക്കത്തിൽ ഇന്ത്യൻ വിദ്യാർത്ഥികൾ ആശങ്കയിൽ. അപേക്ഷാർത്ഥികളുടെ ഫേസ്ബുക്ക്, എക്സ്, ലിങ്ക്ഡ്ഇൻ, ടിക് ടോക്ക് തുടങ്ങിയ സോഷ്യൽ മീഡിയ അക്കൗണ്ടുകളാണ് പ്രധാനമായും അമേരിക്ക പരിശോധിക്കുന്നത്.
രാഷ്ട്രീയ തമാശകൾ, കാഴ്ചപ്പാടുകൾ, ആക്ടിവിസം എന്നിവ
വിസ അഭിമുഖങ്ങളിൽ തെറ്റായി വ്യാഖ്യാനിക്കപ്പെടുമെന്ന് ഭയന്ന് ഇന്ത്യൻ വിദ്യാർത്ഥികൾ പലരും ഇത്തരം പോസ്റ്റുകൾ ഡിലീറ്റ് ചെയ്യുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ചിലർ അക്കൗണ്ട് തന്നെ ഇല്ലാതാക്കുന്നതായും റിപ്പോർട്ടുണ്ട്. ഒരു സാധാരണ കമന്റോ നിരുപദ്രവകരമായ പോസ്റ്റുകളോ പോലും വിസ അപേക്ഷകൾ നിരസിക്കാൻ കാരണമായേക്കാമെന്നാണ് ഭയം.
അനുവദനീയമല്ലെന്ന് അമേരിക്കൻ ഭരണകൂടം കരുതുന്ന ഉള്ളടക്കം ലൈക്ക് ചെയ്യുന്നതോ പങ്കിടുന്നതോ വിസ നിരസിക്കുന്നതിലേക്ക് നയിച്ചേക്കാമെന്ന് വിസ കൗൺസിലർമാർ മുന്നറിയിപ്പ് നൽകുന്നു. അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് അമേരിക്കയിൽ പ്രവേശനം അനുവദിക്കുന്നതിന് മുമ്പായി വിസ അപേക്ഷ പരിഗണിക്കുന്ന ഘട്ടത്തിലാണ് സോഷ്യൽ മീഡിയ പരിശോധന ഉൾപ്പെടുത്തിയത്.

Comments are closed.