തിരുവനന്തപുരം : മലയാളി പ്രവാസികളുടെ പരാതികൾ പരിഹരിക്കാൻ കേരളത്തിൽ നോർക്ക പൊലീസ് സ്റ്റേഷൻ നിർമ്മിക്കും. മുഖ്യമന്ത്രി പിണറായി വിജയൻറെ അധ്യക്ഷതയിൽ ചേർന്ന ലോകകേരള സഭാ സെക്രട്ടേറിയേറ്റിലാണ് നോർക്ക പൊലീസ് സ്റ്റേഷൻ നടപ്പിലാക്കാൻ തീരുമാനമായത്.
സാമ്പത്തിക തട്ടിപ്പുകൾ, നിയമവിരുദ്ധ വിദേശ തൊഴിൽ റിക്രൂട്ട്മെൻറ്, മനുഷ്യക്കടത്ത്, തൊഴിൽ കരാർ ലംഘനങ്ങൾ, പ്രവാസികളുടെ കുടുംബപരവും വൈവാഹികവുമായ പ്രശ്നങ്ങൾ, വസ്തുകൈയേറ്റം ഉൾപ്പെടെയുളള കാര്യങ്ങളിൽ ശക്തമായ നടപടി സ്വീകരിക്കുന്നതിന് വേണ്ടിയാണ് നോർക്ക പൊലീസ് സ്റ്റേഷൻ എന്ന ആശയം നടപ്പിലാക്കുന്നത്. കേരളം മുഴുവൻ അധികാരപരിധിയുളള 50 അംഗ പൊലീസ് സേനാ സംവിധാനത്തിനാണ് തീരുമാനം. മനാമയിൽ നടന്ന ഓപ്പൺ ഫോറത്തിൽ നോർക്ക പൊലീസ് സ്റ്റേഷൻ ഉടൻ യാഥാർഥ്യമാകുമെന്ന് നോർക്ക റൂട്ട്സ് റസിഡൻറ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണനും പറഞ്ഞിരുന്നു.
