ലണ്ടൻ : ബ്രിട്ടനിലെ ഒരു ചാരിറ്റി ഷോപ്പിൽ നിന്ന് ലഭിച്ച ചൈനീസ് ബൈബിൾ ലേലത്തിൽ വിറ്റുപോയത് 63 ലക്ഷം രൂപയ്ക്ക് (56,280 പൗണ്ട്). ചെംസ്ഫോർഡിലെ ഓക്‌സ്‌ഫാം ചാരിറ്റി ഷോപ്പിലാണ് ഈ ബൈബിൾ ലഭിച്ചത്. ചൈനീസ് ഭാഷയിൽ ആദ്യമായി അച്ചടിച്ച ബൈബിളായിരുന്നു ഇത്.
കാഴ്‌ചയിൽത്തന്നെ ഇതിന് പ്രത്യേകതയുണ്ടെന്ന് തോന്നിയ ജീവനക്കാർ 800 പൗണ്ട് മതിപ്പുവിലയിട്ട് ലേലത്തിന് വയ്ക്കുകയായിരുന്നു. എന്നാൽ ബൈബിളിൻ്റെ വില മനസ്സിലാക്കിയ ലേലക്കാർ മത്സരിച്ച് വില കൂട്ടിയതോടെ ആരും പ്രതീക്ഷിക്കാത്ത വിധം ഉയർന്നു. 1815ൽ പുറത്തിറക്കിയ ബൈബിളാണിതെന്നാണ് പുസ്‌തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. രണ്ടു വർഷം മുൻപാണ് മറ്റ് ചില പുസ്‌തകങ്ങൾക്കൊപ്പം ഇത് ചെംസ്ഫോർഡിലെ ചാരിറ്റി ഷോപ്പിന് സമ്മാനമായി ലഭിച്ചത്.
