ന്യൂഡൽഹി: രാജ്യത്തെ ന്യൂനപക്ഷ വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പ് പദ്ധതികൾ വെട്ടിക്കുറച്ച കേന്ദ്രസർക്കാർ തീരുമാനം അപലപനീയമാണെന്ന് പെന്തകോസ്ത് കൗൺസിൽ ഓഫ് ഇന്ത്യ, കേരളാ സ്റ്റേറ്റ് കമ്മിറ്റി അഭിപ്രായപ്പെട്ടു.
ഒന്നു മുതൽ എട്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്കായി ഏർപ്പെടുത്തിയിരുന്ന പ്രീമെട്രിക് സ്കോളർഷിപ്പ്, മൗലാന ആസാദ് നാഷണൽ ഫെലോഷിപ്പ്, പധോ പർദേശ് പലിശ സബ്‌സിഡി സ്‌കീം തുടങ്ങിയ പദ്ധതികളാണ് 2022 മുതൽ കേന്ദ്രസർക്കാർ നിർത്തലാക്കിയത്. ന്യൂനപക്ഷ വിദ്യാർഥികൾക്കുള്ള നിരവധി സാമ്പത്തികസഹായ പദ്ധതികൾ നിർത്തലാക്കുകയോ നിയന്ത്രിക്കുകയോ ചെയ്‌തതായും ഭാവിയിൽ ഇത്തരം പദ്ധതി നടപ്പാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും കേന്ദ്ര ന്യൂനപക്ഷ മന്ത്രി കിരൺ റിജ്ജു ലോക്‌സഭയിൽ വ്യക്തമാക്കി.
മാവേലിക്കര എംപി കൊടിക്കുന്നിൽ സുരേഷിൻ്റെ ചോദ്യത്തിനു മറുപടിയായാണ് കേന്ദ്രമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. അർഹരായ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്കു ലഭിക്കേണ്ട സാമ്പത്തികസഹായമാണ് കേന്ദ്രസർക്കാർ നിർത്തലാക്കിയതെന്ന് കൊടിക്കുന്നിൽ ആരോപിച്ചു. ഇത്തരം സ്കോളർഷിപ്പുകൾ വിദ്യാർത്ഥികളിൽ ഉണ്ടാക്കുന്ന സ്വാധീനം വിലയിരുത്തുന്നതിന് സർക്കാർ ഇതുവരെ യാതൊരു പഠനവും നടത്തിയിട്ടില്ലെന്നും കിരൺ റിജ്ജു പറഞ്ഞു. മറ്റു മന്ത്രാലയങ്ങൾ വഴി വിദ്യാർത്ഥികൾക്ക് ഇത്തരം സ്കോളർഷിപ്പു കൾ ലഭ്യമാകുന്നുണ്ടെന്നാണ് കേന്ദ്രസർക്കാരിന്റെ വാദം.
ന്യൂനപക്ഷങ്ങൾക്കെതിരേയുള്ള ഈ നടപടികൾ വിദ്യാഭ്യാസ ശക്തീകരണത്തെ പിന്തുണയ്ക്കുന്നതിനുള്ള സർക്കാരിൻ്റെ ബോധപൂർവമായ അവഗണന തുറ ന്നുകാട്ടുന്നതാണെന്ന് കൊടിക്കുന്നിൽ പ്രതികരിച്ചു. അഞ്ചു വർഷത്തിനിടയിൽ 3000 കോടി രൂപയാണ് കേന്ദ്രസർക്കാർ ന്യൂനപക്ഷ സ്കോളർഷിപ്പുമായി ബന്ധപ്പെട്ട് ബജറ്റിൽ വെട്ടിക്കുറച്ചത്. കഴിഞ്ഞ അഞ്ചു വർഷം 10,432.53 കോടി രൂപ ഇതിനായി അനുവദിച്ചെങ്കിലും 7,369.95 കോടി മാത്രമാണു വിതരണം ചെയ്തത്. ഇത് ന്യുനപക്ഷ വിദ്യാർഥികളുടെ വിദ്യാഭ്യാസത്തെ തകർക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണ്. ന്യൂനപക്ഷങ്ങൾക്ക് ഭരണഘടന നൽകുന്ന അവകാശങ്ങൾ ആരുടെയും ഔദാര്യം അല്ല. അത് മൗലിക അവകാശമാണ്. സാമൂഹ്യ നീതിയെ അട്ടിമറിക്കുന്ന ഇത്തരം രാഷ്ട്രീയ തീരുമാനങ്ങൾ രാജ്യത്തിന്റെ സമസ്ത മേഖലകളെയും സവർണ ഒളിഗാർക്കി കാർന്നുതിന്നുകയാണെന്ന് തെളിയിക്കുന്നു. ഇത്തരം ന്യൂനപക്ഷ വിരുദ്ധ നിലപാടിനെതിരെ ശക്തമായ പ്രതിഷേധം രാജ്യമൊട്ടാകെ ഉയർന്നുവരണമെന്ന് പിസിഐ വ്യക്തമാക്കി.
ന്യൂനപക്ഷ വിദ്യാർത്ഥികളുടെ ക്ഷേമപദ്ധതികളും സ്‌കോളർഷിപ്പുകളും പുനഃസ്ഥാപിക്കണമെന്ന് പിസിഐ സ്റ്റേറ്റ് കമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
പിസിഐ സ്റ്റേറ്റ് പ്രസിഡൻ്റ് പാസ്റ്റർ നോബിൾ പി തോമസ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജെയ്സ് പാണ്ടനാട് പ്രമേയം അവതരിപ്പിച്ചു.
പാസ്റ്റർന്മാരായ തോമസ് എം പുളിവേലിൽ, ഫിന്നി പി മാത്യൂ, ജിജി ചാക്കോ തേക്കുതോട്, രാജീവ് ജോൺ, അനീഷ് കൊല്ലങ്കോട്,സതീഷ് നെൽസൺ, പി കെ യേശുദാസ്, ബിനോയ് ചാക്കോ, പി ടി തോമസ്, ജോമോൻ ജോസഫ്, ടി വൈ ജോൺസൺ, അനീഷ് ഐപ്പ്, ബ്രദർ എബ്രഹാം ഉമ്മൻ , ആർ സി കുഞ്ഞുമോൻ, രതീഷ് ഏലപ്പാറ, ബിജു ജോസഫ്, ഷിബു മന്ന എന്നിവർ പ്രസംഗിച്ചു.
