കാനഡ: മാനിറ്റോബയിലെ വിന്നിപെഗിൽ സ്ഥിതി ചെയ്യുന്ന ഹോളി ഗോസ്റ്റ് ഇടവകയിൽ വൈദികനെ ആയുധം ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമം. വൈകുന്നേരം നടന്ന വിശുദ്ധ കുർബാന അർപ്പണത്തിനിടെയാണ് അൻപതുകാരനായ അക്രമി ആയുധം ഉപയോഗിച്ച് ആക്രമണം നടത്തിയത്.
ആയുധം കൈവശംവെച്ചതിനും ആക്രമണ ലക്ഷ്യം എന്നീ കുറ്റങ്ങൾ ചുമത്തി വിന്നിപെഗ് പോലീസ് സർവീസ് കേസ് എടുത്തു.
മുപ്പത്തിയെട്ട് വയസ്സുള്ള വൈദികനെ സമീപിച്ച് അൾത്താരയ്ക്ക് സമീപം കത്തികൊണ്ട് കുത്താനായിരിന്നു ആക്രമിയുടെ ശ്രമം. ആക്രമണത്തിൽ നിന്ന് വൈദികൻ അത്ഭുതകരമായി രക്ഷപ്പെട്ടു. പ്രതി സമീപിച്ചത് വൈദികന് പെട്ടെന്ന് കാണാൻ കഴിഞ്ഞുവെന്നും അതിനാലാണ് രക്ഷപ്പെടുവാൻ സാധിച്ചതെന്നും പബ്ലിക് ഇൻഫർമേഷൻ ഓഫീസർ കോൺസ്റ്റബിൾ സ്റ്റീഫൻ സ്പെൻസർ പറഞ്ഞു.
വൈദികൻ രക്ഷപ്പെട്ടതിന് പിന്നാലെ അക്രമി കത്തി ബലിവേദിയിൽ കുത്തി നിർത്തി അൾത്താരയുടെ പിൻഭാഗത്തുള്ള കസേരയിൽ ഇരിക്കുന്നതും രണ്ടുപേർ പ്രതിയെ സമീപിക്കുന്നതുമായ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഭവത്തിനു പിന്നിലുള്ള കാരണം കണ്ടെത്താൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞിട്ടില്ല. അതേസമയം താൻ പ്രതിയെ മുൻപ് കണ്ടിട്ടില്ലെന്ന് വൈദികൻ പറഞ്ഞു.
