കൊട്ടാരക്കര : ദി പെന്തക്കോസ്ത് മിഷൻ സാർവദേശീയ കൺവെൻഷന് പുലമൺ ഫെയ്ത്ത് ഹോം ജംഗ്ഷന് സമീപമുള്ള ടിപിഎം കൺവെൻഷൻ ഗ്രൗണ്ടിൽ തയ്യാറാക്കിയ പന്തലിൽ
ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ അനുഗ്രഹീത ആരംഭം. കൺവെൻഷന് മുന്നോടിയായി നടന്ന
സുവിശേഷ വിളംബര ജാഥയിൽ വിശുദ്ധ വേദപുസ്തകവും വേദവാക്യങ്ങൾ ആലേഖനം ചെയ്ത പ്ലക്കാടുകളുമേന്തി ശുഭ്ര വസ്ത്രധാരികളായ ആയിരക്കണക്കിന് വിശ്വാസ സമൂഹം ശ്രുതി മധുരമായ ഗാനങ്ങൾ ആലപിച്ച് പങ്കാളികളായി.
കൊട്ടാരക്കര സെന്റർ പാസ്റ്റർ വി. ജോർജുകുട്ടിയുടെ പ്രാർത്ഥനയോടെയാണ് സുവിശേഷ റാലി ആരംഭിച്ചത്. സെൻ്റർ ഫെയ്ത് ഹോമിൽ നിന്ന് ആരംഭിച്ച് ടൗൺ ചുറ്റി കൺവെൻഷൻ ഗ്രൗണ്ടിൽ എത്തിച്ചേർന്ന റാലിക്ക് ശേഷം പ്രാരംഭ ദിവസത്തെ കൺവെൻഷൻ യോഗം ആരംഭിച്ചു. അതിരുകളില്ലാത്ത
ദൈവത്തിന്റെ കരുണയും ക്ഷമയും നമ്മുടെ ജീവിതത്തിന്റെ പ്രത്യാശയാണെന്നും പിതാവാം ദൈവം തന്റെ ഏകജാതനിലൂടെ ലോകത്തിലേക്ക് കൊണ്ടുവന്ന കരുണയും പ്രത്യാശയും പരിശുദ്ധാത്മ നിയോഗത്താൽ നമ്മുടെ ഹൃദയ വാതിലിലൂടെ ഉള്ളിൽ പ്രവേശിച്ചു മറ്റുള്ളവരിലേക്ക് പകരപ്പെടണമെന്നും വിശ്വാസികൾ മാറ്റമില്ലാത്ത സുവിശേഷത്തിന്റെ വക്താക്കളാകണമെന്നും മുഖ്യ സന്ദേശം നൽകിയ തിരുവല്ല സെന്റർ പാസ്റ്റർ കുഞ്ഞുമോൻ ജോർജ് പറഞ്ഞു.
ചീഫ് പാസ്റ്റർ ഏബ്രഹാം മാത്യു, ഡെപ്യൂട്ടി ചീഫ് പാസ്റ്റർ എം.ടി.തോമസ് എന്നിവർ നേതൃത്വം നൽകി. കൺവെൻഷൻ ഞായറാഴ്ച സമാപിക്കും. ഞായറാഴ്ച നടക്കുന്ന സംയുക്ത സഭായോഗത്തിൽ കൊട്ടാരക്കര, പുനലൂർ, പത്തനംതിട്ട സെൻ്ററുകളിലെ പ്രാദേശിക സഭകളിലെ വിശ്വാസ സമൂഹം പങ്കെടുക്കും.
കൺവെൻഷനിൽ ഇന്ന്
രാവിലെ 4 ന് സ്തോത്രാരാധന,7 ന് വേദപാഠം, രാവിലെ 9.30നും വൈകിട്ട് 5.45നും സുവിശേഷ പ്രസംഗം.
ഉച്ചകഴിഞ്ഞ് 3നും രാത്രി10 നും കാത്തിരിപ്പു യോഗം
വാർത്ത: കെ ഒ രാജുക്കുട്ടി
