ദോഹ: ഗാസയിലെ ബന്ദികൾ ഉടനെ മോചിതരാകുമെന്നും അവരുടെ കാര്യങ്ങളില്‍ ഉടമ്പടിയില്‍ എത്തിയെന്നും ഡൊണാള്‍ഡ് ട്രംപ്. തെക്കന്‍ ഗാസ മുനമ്പില്‍ നിന്ന് വടക്കുഭാഗത്തേക്ക് ഭവനരഹിതരായവരുടെ തിരിച്ചുവരവിന് ഖത്തറും ഈജിപ്തുമാണ് മേല്‍നോട്ടം വഹിക്കുന്നത്.
ഹമാസ്, ഇസ്രയേല്‍ പ്രതിനിധികള്‍ ഇപ്പോൾ ഖത്തറിലുണ്ട്. ഖത്തറിന്റെ മധ്യസ്ഥതയില്‍ ദോഹയിലാണ് ഇത് സംബന്ധിച്ച് ചര്‍ച്ച നടക്കുന്നത്. ഇരുകൂട്ടരുമായി ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍ റഹിമാന്‍ ബിന്‍ ജാസിം അല്‍ താനി കൂടിക്കാഴ്ച നടത്തി.
ഇസ്രയേല്‍ സൈന്യം ഗാസയ്ക്കുള്ളില്‍ എഴുന്നൂറ് മീറ്റര്‍ ദൂരത്തേക്കാണ് ആദ്യം പിന്‍വാങ്ങുന്നത്. ഘട്ടം ഘട്ടമായി നെത്സാരിം ഇടനാഴിയിലേക്ക് പിന്നിട് പിന്‍വാങ്ങും. മാത്രമല്ല, ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന 250 പേരടക്കം 2,000 പലസ്തീന്‍ തടവുകാരെ ഇസ്രയേല്‍ മോചിപ്പിക്കും. ഹമാസ് 33 ഇസ്രയേല്‍ ബന്ദികളെയും മോചിപ്പിക്കും. ഉടമ്പടി പ്രകാരമുള്ള ആദ്യഘട്ടം ആരംഭിച്ച് ഏഴ്. ദിവസത്തിന് ശേഷം ഈജിപ്റ്റുമായുള്ള റാഫ അതിര്‍ത്തി ഇസ്രയേല്‍ തുറക്കും. ഫിലാഡെല്‍ഫി ഇടനാഴി എന്നറിയപ്പെടുന്ന ഈജിപ്റ്റുമായുള്ള ഗാസയുടെ അതിര്‍ത്തി പ്രദേശത്ത് നിന്ന് ഇസ്രയേല്‍ സൈന്യം പിന്‍വാങ്ങും. ഗാസയില്‍ പരുക്കേറ്റവരെ ചികിത്സയ്ക്കുള്ള യാത്രയ്ക്ക് അനുവദിക്കും.
ചര്‍ച്ച പുരോഗമിക്കുമ്പോഴും ഗാസയില്‍ യുദ്ധം തുടരുകയാണ്. അഭയാര്‍ഥികള്‍ കഴിയുന്ന സ്‌കൂളില്‍ 62 പേർ കൊല്ലപ്പെട്ടു. കൂടാതെ ജെനിനില്‍ നാല് പേരെയും കൊന്നു. ബന്ദികളെ കൈമാറുന്നതുമായി ബന്ധപ്പെട്ട് റെഡ് ക്രോസ് ഇന്റര്‍നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് മിര്‍ജാന സ്‌പോള്‍ജാരികുമായി ഇസ്രയേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗ് കൂടിക്കാഴ്ച നടത്തി. കരാര്‍ ഇസ്രയേലും അംഗീകരിക്കുമെന്ന സൂചനയാണ് ഇത് നല്‍കുന്നത്.
