കുമ്പനാട് സംഭവം: പ്രതികളെ രക്ഷപ്പെടുത്താനുള്ള കള്ളക്കഥ പോലീസ് മെനയുകയാണെന്ന് തിരവഞ്ചൂർ രാധാകൃഷ്ണൻ എംഎല്‍എ
കുമ്പനാട്: ക്രിസ്മസ്സ് കരോളിന് ഇറങ്ങിയ വിശ്വാസ സമൂഹത്തെ മാരക ആയുധങ്ങളുമായി ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ ഭരണ നേതൃത്വത്തിന്റെ നിർദേശ പ്രകാരം പ്രതികളെ രക്ഷപ്പെടുത്താനുള്ള കള്ളക്കഥ പോലീസ് മെനഞ്ഞു കൊണ്ടിരിക്കുകയാണെന്ന് മുൻ ആഭ്യന്തരമന്ത്രി തിരവഞ്ചൂർ രാധാകൃഷ്ണൻ എംഎല്‍എ.
മുഴുവൻ പ്രതികളെയും പിടികൂടി കർശനമായ നടപടി സ്വീകരിക്കേണ്ട സ്ഥാനത്ത് വിശ്വാസികൾ തമ്മിലുള്ള തർക്കമാണെന്ന് വരുത്തി തീർത്ത് അക്രമ സംഭവത്തെ ലഘൂകരിക്കാനാണ് പോലീസ് ശ്രമിക്കുന്നത്. മാരക ആയുധമായി വന്ന് മർദ്ദനം നടത്തിയവർക്ക് സഭയുമായി ഏതെങ്കിലും ബന്ധമോ സഭയിൽപ്പെട്ടവരുമായി ഏതെങ്കിലും തർക്കമോ ഉണ്ടായിട്ടില്ല. എന്നിട്ടും രണ്ട് സഭാ വിഭാഗങ്ങൾ തമ്മിലുള്ള തർക്കമാണെന്നാണ് പോലീസ് ഭാക്ഷ്യം. ഇത് ഭരണ നേതൃത്വത്തിന്റെ നിർദ്ദേശ പ്രകാരം പോലീസ് ചമയ്ക്കുന്ന കഥയാണ്. പ്രതികളുടെ രാഷ്ട്രീയ ബന്ധവും മുൻകാല ചരിത്രവും എല്ലാവർക്കുവും അറിയാവുന്നതാണ്. അതുകൊണ്ടാണ് സ്ത്രീകളെയും കുട്ടികളെയും അടക്കമുള്ളവരെ ക്രൂരമായി മർദ്ദിക്കുകയും കൈയ്യേറ്റം ചെയ്തിട്ടും തങ്ങൾക്ക് വേണ്ടപ്പെട്ടവരെ സംരക്ഷിക്കാൻ ഭരണ നേതൃത്വവും പോലീസും ഒരുമ്പെട്ടിരിക്കുകയാണെന്നും തിരുവഞ്ചൂർ പറഞ്ഞു.
ക്രിസ്മസ്സിന്റെ തലേ രാത്രിയിൽ കരോൾ സർവ്വീസുമായി പോയ കുമ്പനാട് എക്സോഡസ് റിവൈവൽ സഭാ വിശ്വാസികളെ ആക്രമിച്ച സംഭവത്തിൽ സഭയുടെ സീനിയർ പാസ്റ്റർ റവ ഡോ റോണി മാത്യൂസ്, അസോസിയേറ്റ് പാസ്റ്റർ റവ. രഞ്ജൻ ഉമ്മൻ എന്നിവരുമായി ചർച്ച നടത്തിയതിന് ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു തിരുവഞ്ചൂർ.
കേരള കോൺഗ്രസ് സംസ്ഥാന വൈസ് ചെയർമാൻമാരായ ജോസഫ് എം പുതുശ്ശേരി എക്സ് എംഎല്‍എ, ജോൺ കെ മാത്യൂസ്, മാർത്തോമ്മാ സഭ നിരണം മാരാമൺ ഭദ്രാസന അസംബ്ലി അംഗം സുബിൻ നീറുംപ്ലാക്കൽ, കോൺഗ്രസ് കോയിപ്രം മണ്ഡലം പ്രസിഡന്റ് ജോസഫ് വർഗീസ് എന്നിവർക്കൊപ്പമാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ കുമ്പനാട്ട് എക്സോഡസ് റിവൈവൽ ചർച്ച് ആസ്ഥാനത്ത് എത്തിയത്.
