വിമാന ടിക്കറ്റ് ബുക്കിംഗിന് വ്യാജ സൈറ്റുകള്‍ സജീവം; യാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി അധികൃതര്‍
അബുദാബി: വ്യാജ സൈറ്റിലൂടെ വിമാന ടിക്കറ്റ് ബുക്ക് ചെയ്ത് വഞ്ചിതരാകരുതെന്ന് മുന്നറിയിപ്പുമായി അധികൃതര്‍. ലാഭം നോക്കി സീറ്റ് ബുക്ക് ചെയ്ത് പണം നഷ്ടപ്പെട്ടവരുടെ എണ്ണം വര്‍ധിച്ചതിന്റെ പശ്ചാത്തലത്തിലാണ് അധികൃതരുടെ ആവര്‍ത്തിച്ചുള്ള ജാഗ്രതാ നിര്‍ദേശം. ഓണ്‍ലൈന്‍ വഴി ടിക്കറ്റെടുക്കുന്നവര്‍ ബന്ധപ്പെട്ട എയര്‍ലൈനിന്റെയോ അല്ലെങ്കില്‍ അംഗീകൃത ട്രാവല്‍ ഏജന്‍സികളുടെയോ വെബ്‌സൈറ്റ് തന്നെ ഉപയോഗിക്കണം. കഴിയുമെങ്കില്‍ നേരിട്ടു തന്നെ ഓണ്‍ലൈന്‍ ടിക്കറ്റ് എടുക്കണമെന്ന് അധികൃതര്‍ നിര്‍ദേശിക്കുന്നു.വ്യക്തിയുടെ അറിവോ സമ്മതമോ ഇല്ലാതെ ടിക്കറ്റ് റീഫണ്ടാക്കുകയാണു വ്യാജ സൈറ്റുകാര്‍ ചെയ്യുക. ഇക്കാര്യം ചെക്ക് ഇന്‍ കൗണ്ടര്‍ ഉദ്യോഗ്‌സഥര്‍ പറയുമ്പോഴാവും യാത്രക്കാരന്‍ അറിയുക. പ്രാദേശിക ഓഫിസോ മറ്റോ ഇല്ലാത്ത വെബ്‌സൈറ്റുകള്‍ക്കെതിരെ നിയമനടപടി എടുക്കാനും സാധിക്കാതെ വരുന്നു. ചിലര്‍ക്ക് വന്‍ തുക നല്‍കി അവസാന നിമിഷം വിമാനത്താവളത്തില്‍നിന്നു ടിക്കറ്റെടുത്ത് യാത്ര ചെയ്യേണ്ടി വരുന്നു. ഓണ്‍ലൈന്‍ വഴി ടിക്കറ്റെടുത്ത പലര്‍ക്കും ഇങ്ങനെ വിമാനത്താവളത്തില്‍നിന്നു മടങ്ങേണ്ടി വന്നിട്ടുണ്ട്. ഇവര്‍ പിന്നീട് എയര്‍ലൈനുകളുടെ പ്രാദേശിക ഓഫിസിനെ സമീപിച്ചാലും ഇടപാട് വെബ്‌സൈറ്റുമായതിനാല്‍ ഫലമുണ്ടാകില്ല. ലാഭം നോക്കി അപരിചിത വെബ്‌സൈറ്റില്‍ ക്രെഡിറ്റ് കാര്‍ഡ് നമ്പറും ഒ.ടി.പിയും നല്‍കി ടിക്കറ്റെടുക്കുമ്പോള്‍ സുരക്ഷിതമല്ലാത്ത വെബ്‌സൈറ്റിലെ ഇടപാടുകളിലൂടെ ക്രെഡിറ്റ് കാര്‍ഡ് ഹാക്ക് ചെയ്യപ്പെടാനും സാധ്യതയുണ്ട്.
