Ultimate magazine theme for WordPress.

ഉത്തരാഖണ്ഡിൽ ക്രിസ്ത്യൻ പ്രാർത്ഥനാകൂട്ടത്തിന് നേരെ ഹിന്ദുത്വ പ്രവർത്തകരുടെ ആക്രമണം

ഡെറാഡൂൺ: കൂട്ടമതപരിവർത്തനം നടത്തിയെന്ന് ആരോപിച്ച് ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ ക്രിസ്ത്യൻ പ്രാർത്ഥനാ യോഗത്തിന് നേരെ ഹിന്ദുത്വ പ്രവർത്തകരുടെ കിരാതമായ ആക്രമണം.

പ്രദേശത്തെ ഒരു വസതിയിൽ നടന്ന പ്രാർത്ഥനാ യോഗത്തിലേക്ക് അതിക്രമിച്ച് കയറിയ സംഘം സത്രീകളെയും കുട്ടികളെയും ക്രൂരമായി മർദ്ദിക്കുകയായിരുന്നു. അക്രമികൾ വീടിനകത്ത് ഉണ്ടായിരുന്ന കുരുശ് ചവിട്ടി നശിപ്പിച്ചെന്നും റിപ്പോർട്ടുണ്ട്. എന്നാൽ ഹിന്ദുത്വ പ്രവർത്തകർ ആരോപിച്ചത് പോലെ പ്രദേശത്ത് മതപരിവർത്തനം നടന്നിട്ടില്ലെന്ന് ഡെറാഡൂൺ സീനിയർ പൊലീസ് സൂപ്രണ്ട് അജയ് സിങ് പറഞ്ഞു. 11 പേർക്കെതിരെ കേസെടുത്തതായും പൊലീസ് അറിയിച്ചു. ആരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല.

സംഭവത്തിൽ ഏഴ് പേർക്കാണ് പരിക്കേറ്റത്. സ്ഥലത്തുണ്ടായ ഒരു സ്ത്രീയെ അവരുടെ താലി മാലയും സിന്ദൂരവും എവിടെയെന്ന് ചേദിച്ച് സംഘം ഭീഷണിപ്പെടുത്തി. തുടർന്ന് കുട്ടികളോടടക്കം മോശമായി പെരുമാറിയെന്നാണ് സാക്ഷികൾ പൊലീസിനോട് പറഞ്ഞത്. കുട്ടികളുടെ തലയ്ക്കടിച്ചുകൊണ്ട് എന്തിനാണ് പ്രാർത്ഥനാ യോഗത്തിൽ പങ്കെടുത്തതെന്ന് ചോദിച്ചു.

സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഹിന്ദുത്വ പ്രവർത്തകരിൽ ഒരാൾ തന്നെ ചിത്രീകരിച്ച വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്.
ക്രിസ്ത്യാനികൾ പ്രദേശത്തെ പാവപ്പെട്ട ഹിന്ദു കുടുംബങ്ങളെ മതപരിവർത്തനത്തിന് നിർബന്ധിതരാക്കുകയാണെന്ന് അക്രമികളിൽ ഒരാൾ വിളിച്ച് പറയുന്നതും ദൃശ്യങ്ങളിൽ കാണാം.

Sharjah city AG