സൗദി വിമാനത്താവളത്തില്‍ ഭീകരാക്രമണം; യാത്രാ വിമാനത്തിന് തീപിടിച്ചു
റിയാദ്: ജിദ്ദയിലെ അഭ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഹൂത്തി വിമതര്‍ നടത്തിയ ആക്രമണത്തില്‍ സൗദി യാത്രാ വിമാനത്തിന് തീ പിടിച്ചതായി സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഡ്രോണ്‍ ആക്രമണത്തില്‍ റണ്‍വേയില്‍ നിര്‍ത്തിയിട്ടിരുന്ന വിമാനത്തിനാണ് തീപിടിച്ചത്. ആഭ്യന്തര സര്‍വീസ് നടത്തുന്ന ബജറ്റ് എയര്‍ലൈന്‍ ഫ്ലൈഅദീലിന്റേതാണു വിമാനം. തീ നിയന്ത്രണ വിധേയമാക്കിയതായി അറബ് സഖ്യസേന അറിയിച്ചു. ആക്രമണത്തില്‍ ആളപായമില്ല. യെമന്‍ അതിര്‍ത്തിയില്‍ നിന്ന് 120 കിലോമീറ്റര്‍ അകലെ തെക്കു പടിഞ്ഞാറന്‍ സൗദിയിലാണ് അഭ വിമാനത്താവളം. വിമാനത്താവളം ആക്രമിക്കാന്‍ സ്ഫോടക വസ്തുക്കള്‍ നിറച്ച നാല് ഡ്രോണുകള്‍ ഉപയോഗിച്ചതായി ഹൂതി വിമതര്‍ അവകാശപ്പെട്ടു. അതേസമയം, ഇന്നലെ പുലര്‍ച്ചെ സൗദിക്കുനേരെ അയച്ച രണ്ട് ഡ്രോണുകളും ശനി, ഞായര്‍ ദിവസങ്ങളിലായി അയച്ച സ്ഫോടക വസ്തുക്കള്‍ നിറച്ച 4 ഡ്രോണുകളും സഖ്യസേന തകര്‍ത്തിരുന്നു.