തിരുവല്ല : തിരുവല്ലയിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ നെടുംപറമ്പിൽ ക്രഡിറ്റ് സിൻഡിക്കേറ്റിന്റെ ഉടമകളെ തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തു. ചെയർമാൻ എൻ എം രാജു നെടുംപറമ്പിൽ, ഭാര്യ ഗ്രേസ്, മക്കളായ അലൻ ജോർജ്ജ്, അൻസൻ ജോർജ്ജ് എന്നിവരെയാണ് രാവിലെ എട്ടരയോടെ തിരുവല്ലയിലെ വീട്ടിൽ നിന്നും പോലീസ് അറസ്റ്റ് ചെയ്തത്. നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഉടൻ കോടതിയിൽ ഹാജരാക്കും.
എൻ എം രാജു നെടുംപറമ്പിൽ കേരളാ കോൺഗ്രസ് (ജോസ് കെ.മാണി) സംസ്ഥാന ട്രഷററാണ്. ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി എഴുപതോളം പരാതികൾ നിലവിലുണ്ട്. എങ്കിലും കേസ് എടുക്കുന്നില്ലെന്ന പരാതിയെ തുടർന്ന് കഴിഞ്ഞ ദിവസം നിക്ഷേപകർ ജില്ലാ കളക്ടറെ സന്ദർശിച്ച് കാര്യങ്ങൾ അവതരിപ്പിച്ചിരുന്നു.
എൻസിഎസ് എന്ന നെടുംപറമ്പില്‍ ഗ്രൂപ്പ് വസ്ത്ര വ്യാപാര മേഖലയിലും ഓട്ടോമൊബൈല്‍ രംഗത്തും സജീവമായിരുന്നു. എന്നാൽ കഴിഞ്ഞ കുറച്ചുനാളായി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. നിക്ഷേപകരുടെ പണം മടക്കിനല്കാനുള്ള പദ്ധതിയുമായി ഉടമകള്‍ നീങ്ങവെയാണ് ഇപ്പോള്‍ അറസ്റ്റ് നടന്നത്.
ഇന്ത്യയിലെ പ്രമുഖ വ്യവസായ ഗ്രൂപ്പ് കമ്പിനി ഏറ്റെടുക്കാനുള്ള നടപടി പുരോഗമിച്ചുവരികയാണ്. ഇക്കാര്യം എന്‍ എം രാജു നിക്ഷേപകരെ അറിയിച്ചിരുന്നു. ഇതോടെ നിക്ഷേപകര്‍ പലരും കാത്തിരിക്കാന്‍ തയ്യാറായി. എന്നാല്‍ ഇവരില്‍ ഒരു വിഭാഗം പരാതിയും കേസുമായി മുമ്പോട്ടു പോകുകയായിരുന്നു. നിക്ഷേപകരുടെ ആരുടേയും പണം നഷ്ടപ്പെടില്ലെന്നും മടക്കിനല്‍കുമെന്നും എന്‍ എം രാജു പറഞ്ഞു.