ലോകത്തിലെ ഏറ്റവും മോശമായ മതപീഡനം നടക്കുന്ന രാജ്യങ്ങളിലൊന്നായി നിക്കരാഗ്വ മാറുന്നു എന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് കമ്മീഷൻ ഓൺ ഇൻ്റർനാഷണൽ റിലീജിയസ് ഫ്രീഡം റിപ്പോർട്ട്. ബുധനാഴ്ച പ്രസിദ്ധീകരിച്ച പുതിയ റിപ്പോർട്ടിലാണ് ഈ വെളിപ്പെടുത്തലുള്ളത്.
നിക്കരാഗ്വൻ സ്വേച്ഛാധിപതികളായ ഡാനിയേൽ ഒർട്ടെഗയും ഭാര്യ, റൊസാരിയോ മുറില്ലോയും രാജ്യത്തെ ക്രൈസ്തവരുടെ മേൽ നടത്തുന്ന മതപീഡനങ്ങളും അടിച്ചമർത്തലുകളും ചൂണ്ടിക്കാണിച്ച റിപ്പോർട്ട്, ഈ രാജ്യം ക്രൈസ്തവർക്ക് ജീവിക്കുക്കാൻ പ്രയാസകരമായി മാറിയെന്നും വെളിപ്പെടുത്തുന്നു. 2023 മുതലാണ് നിക്കരാഗ്വയിൽ ക്രൈസ്തവർക്കെതിരായ പീഡനങ്ങൾ ശക്തമാകുന്നത്. സ്വേച്ഛാധിപത്യം, പള്ളികളുടെയും ആശ്രമങ്ങളുടെയും സ്കൂളുകളുടെയും സ്വത്തുക്കൾ പിടിച്ചെടുക്കുകയും നൂറുകണക്കിന് ക്രിസ്ത്യാനികളെ അന്യായമായി തടവിലിടുകയും നാടുകടത്തുകയും ചെയ്തു.
ഇതുപോലെ ലോകത്താകമാനമായി വിശ്വാസത്തെപ്രതി പീഡനങ്ങൾ നേരിടുന്ന രാജ്യങ്ങളുടെ വിവരങ്ങളും യുണൈറ്റഡ് സ്റ്റേറ്റ്സ് കമ്മീഷൻ ഓൺ ഇൻ്റർനാഷണൽ റിലീജിയസ് ഫ്രീഡം പുറത്തുവിട്ടു. വർഷംതോറും പ്രസിദ്ധീകരിക്കുന്ന ഈ റിപ്പോർട്ടിനെ അടിസ്ഥാനമാക്കി മതസ്വാതന്ത്ര്യത്തിനുവേണ്ടി എങ്ങനെ മികച്ച രീതിയിൽ വാദിക്കാമെന്നതിനെക്കുറിച്ച് USCIRF സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റിന് ശുപാർശകൾ നൽകുന്നു.