Ultimate magazine theme for WordPress.

“തടവറകൾ പുനർജന്മത്തിന്റെ ഇടങ്ങളായി മാറണം”: വനിത ജയില്‍ സന്ദര്‍ശിച്ച് ഫ്രാന്‍സിസ് പാപ്പ

വെനീസ്: വെനീസിലേക്കു നടത്തിയ അപ്പസ്തോലിക യാത്രാവേളയിൽ വനിത ജയില്‍ സന്ദര്‍ശിച്ച് ഫ്രാന്‍സിസ് പാപ്പ. ഏപ്രിൽ 28 ഞായറാഴ്ച നടന്ന സന്ദര്‍ശനത്തിനിടെയാണ് പാപ്പ ജയിലിലെത്തി അന്തേവാസികളുമായി സൗഹൃദസംഭാഷണം നടത്തിയത്. വെനീസിലെ പാപ്പയുടെ ഔദ്യോഗിക സന്ദർശനത്തിന്റെ ആരംഭമാണ് തടവറയിൽ നടത്തിയ കൂടിക്കാഴ്ച. സാഹോദര്യവും വാത്സല്യവും തുളുമ്പുന്ന ഒരു കണ്ടുമുട്ടലാണ് അന്തേവാസികൾക്കൊപ്പം നടത്തുന്നതെന്ന് തന്റെ സന്ദേശത്തിന്റെ ആമുഖത്തിൽ പാപ്പ എടുത്തു പറഞ്ഞു. തടവറയിൽ അന്തേവാസികൾക്കൊപ്പം തന്നെ ഒരുമിപ്പിച്ചത് കർത്താവാണെന്നും തടവറകൾ പുനർജന്മത്തിന്റെ ഇടങ്ങളായി മാറണമെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു.

വേദനാജനകമായ വ്യത്യസ്ത പാതകളിലൂടെ ഈ ഒരു സ്ഥലത്ത് എത്തിച്ചേർന്ന എല്ലാവരെയും ദൈവം സ്വീകരിക്കുന്നു. അതിനാൽ നമ്മുടെ ജീവിതത്തിൽ സവിശേഷമായവ മറ്റുള്ളവരുമായി പങ്കുവയ്ക്കുവാനും, സ്വീകരിക്കുവാനും നമുക്ക് സാധിക്കണം. തടവറയെന്നത് കഠിനമായ ഒരു യാഥാർഥ്യമാണ്. നിരവധി പ്രശ്നങ്ങൾ ഇതിന്റെ ഉള്ളറകളിൽ ഉണ്ടെന്നിരിക്കിലും, ഇത് ധാർമ്മികവും ഭൗതികവുമായ പുനർജന്മത്തിന്റെ ഒരു സ്ഥലമായി മാറണമെന്നും പാപ്പ ആഹ്വാനം ചെയ്തു. പരസ്പര ബഹുമാനത്തിലൂടെയും, വിവിധ കഴിവുകളുടെ പ്രോത്സാഹനത്തിലൂടെയും, പരിപാലനയിലൂടെയും, മാനുഷികമായ അന്തസ്സ് വീണ്ടെടുക്കുവാൻ പരസ്പരമുള്ള സഹകരണം അനിവാര്യമാണെന്നും പാപ്പ ചൂണ്ടിക്കാട്ടി.

Leave A Reply

Your email address will not be published.