തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ് ഷെഡിങ്ങ് വേണമെന്ന് സർക്കാരിനോട് കെഎസ്ഇബി. വൈദ്യുതി മന്ത്രിയോട് കെഎസ്ഇബി ആവശ്യം വീണ്ടും ഉന്നയിച്ചു. എന്നാൽ മന്ത്രി ഇതിന് മറുപടി നൽകിയിട്ടില്ല. ഓവർ ലോഡ് കാരണമാണ് പലയിടത്തും അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ്ങ് നടത്തേണ്ടി വരുന്നത്. അമിത ലോഡ് കാരണം പലയിടത്തും ട്രാൻഫോർമറുകൾക്ക് കേടുപാടുകൾ സംഭവിക്കുന്നു. ഇതുവരെ 700 ലേറെ ട്രാൻസ്ഫോർമറുകൾക്ക് തകരാർ സംഭവിച്ചതായും കെഎസ്ഇബി വ്യക്തമാക്കുന്നു.
സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം സർവകാല റെക്കോർഡും പിന്നിട്ട് കുതിക്കുകയാണ്. ഇന്നലെ 11.31 കോടി യൂണിറ്റാണ് ഉപയോഗിച്ചത്. ഏപ്രിൽ 09 ലെ റെക്കോർഡാണ് ഇന്നലെ മറികടന്നത്. പീക്ക് സമയത്തെ വൈദ്യുതി ഉപഭോഗവും കുതിക്കുകയാണ്. 5646 മെഗാവാട്ട് ആണ് ഇന്നലെ പീക്ക് സമയത്തെ ഉപഭോഗം. ഈ സാഹചര്യത്തിലാണ് ലോഡ് ഷെഡ്ഡിങ്ങ് എന്ന ആവശ്യം ബോർഡ് വീണ്ടും ഉന്നയിച്ചിട്ടുള്ളത്.
പീക്ക് സമയത്തെ വൈദ്യുതി ഉപഭോഗം കുറയ്ക്കണമെന്ന് ജനങ്ങളോട് പലതവണ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഉപഭോഗത്തിൽ കുറവുണ്ടാകുന്നില്ല എന്നു മാത്രമല്ല, വലിയ തോതിൽ വർധനയാണ് ഉണ്ടാകുന്നത്. ഇതുമൂലം ഫീഡറുകൾക്കും ട്രാൻസ്ഫോർമറുകൾക്കും കേടുപാടുകളും സംഭവിക്കുന്നു. ഇതു മറികടക്കാൻ സംസ്ഥാനത്ത് പവർകട്ട് വേണമെന്നാണ് കെഎസ്ഇബി ആവശ്യപ്പെടുന്നത് ലോഡ് ഷെഡ്ഡിങ്ങ് നടപ്പാക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാൻ നാളെ ഉന്നതതല സമിതി യോഗം ചേരുമെന്നാണ് സൂചന.
