ടെക്‌സാസ് : ലോകത്ത് ഇതുവരെ വികസിപ്പിച്ചെടുത്ത ഏറ്റവും വലിയ ബഹിരാകാശ വിക്ഷേപണ വാഹനമാണ് സ്‌പേസ് എക്‌സിൻ്റെ സ്റ്റാർഷിപ്പ്. നിലവിൽ പരീക്ഷണ ഘട്ടത്തിലുള്ള സ്റ്റാർഷിപ്പ് ഇതുവരെ മൂന്ന് വിക്ഷേപണ പരീക്ഷണങ്ങൾ നടത്തി. ആദ്യ രണ്ടും പരാജയമായിരുന്നെങ്കിലും മൂന്നാമത്തെ വിക്ഷേപണത്തിൽ വലിയ പുരോഗതിയുണ്ടായി. ഇതിന് പിന്നാലെ അടുത്ത മാസം വീണ്ടും പുതിയ സ്റ്റാർഷിപ്പ് വിക്ഷേപണത്തിനൊരുങ്ങുകയാണ് സ്പേസ് എക്സ്. എക്സില്‍ പങ്കുവെച്ച ഒരു പോസ്റ്റിലാണ് മസ്‌ക് ഈ വിവരം അറിയിച്ചത്. എന്നാല്‍ കൃത്യമായ തീയ്യതി അറിയിച്ചിട്ടില്ല. യുഎസിലെ ഫെഡറല്‍ ഏവിയേഷന്‍ അതോറ്റിറിയുടെ അനുമതി ലഭിച്ചയുടന്‍ വിക്ഷേപണം നടന്നേക്കും. മുന്‍വിക്ഷേപണങ്ങളിലെ പിഴവുകള്‍ തിരുത്തിക്കൊണ്ടായിരിക്കും സ്റ്റാര്‍ഷിപ്പിന്റെ നാലാം വിക്ഷേപണം.
ടെക്സാസിലെ ബോക്കാ ചികയിലുള്ള സ്റ്റാര്‍ബേസ് വിക്ഷേപണ കേന്ദ്രത്തില്‍ നിന്നായിരിക്കും വിക്ഷേപണം. ഇത്തവണ റോക്കറ്റിനെ നിശ്ചിത ഉയരത്തിലെത്തിക്കാനും സ്റ്റാര്‍ഷിപ്പിനേയും ബൂസ്റ്റര്‍ എഞ്ചിനേയും വിജയകരമായി വേര്‍പെടുത്താനും തിരിച്ചിറക്കാനും ലക്ഷ്യമിട്ടുള്ളതാവും ഇത്. ഭാവിയിൽ ആർട്ടെമിസ് ഉൾപ്പെടെയുള്ള ചാന്ദ്ര ദൗത്യങ്ങൾക്കും ചൊവ്വ ദൗത്യങ്ങൾക്കും ഉപയോഗിക്കാവുന്ന ഹെവി ലിഫ്റ്റ് റോക്കറ്റാണ് സ്റ്റാർഷിപ്പ്. ആദ്യ രണ്ട് പരീക്ഷണ വിക്ഷേപണങ്ങളും പരാജയപ്പെട്ടെങ്കിലും മൂന്നാം തവണയും റോക്കറ്റിന് ആ വിക്ഷേപണങ്ങളേക്കാൾ കൂടുതൽ സഞ്ചരിക്കാൻ കഴിഞ്ഞു. സ്റ്റാര്‍ഷിപ് ബഹിരാകാശ പേടകവും, സൂപ്പര്‍ ഹെവി റോക്കറ്റ് ബൂസ്റ്ററും ചേര്‍ന്നതാണ് സ്റ്റാര്‍ഷിപ്പ് റോക്കറ്റ്. ഇത് രണ്ടും കൂടി ചേര്‍ന്ന് 121 മീറ്റര്‍ ഉയരമുണ്ട് റോക്കറ്റിന്. 3400 ടണ്‍ ഇന്ധനം വഹിക്കും.