വെവാക്ക് : വടക്കന്‍ പാപുവ ന്യൂ ഗിനിയയില്‍ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതായി യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. ഞായറാഴ്ച രാവിലെ പ്രാദേശിക സമയം 6.22 നാണ് ഭൂചലനം ഉണ്ടായത്. ഭൗമോപരിതലത്തില്‍ നിന്ന് ഏകദേശം 35 കിലോമീറ്റര്‍ താഴ്ചയിലാണ് പ്രഭവകേന്ദ്രം. സുനാമി ഭീഷണി ഇല്ലെന്ന് പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു. വെവാക്കിന് തെക്കുപടിഞ്ഞാറായി 88 കിലോമീറ്റര്‍ അകലെയാണ് ഭൂകമ്പം ഉണ്ടായതെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ പറഞ്ഞു. നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തെക്കുകിഴക്കന്‍ ഏഷ്യയിലൂടെ പസഫിക് ബേസിനിലുടനീളം വ്യാപിച്ചുകിടക്കുന്ന തീവ്രമായ ടെക്‌റ്റോണിക് പ്രവര്‍ത്തനത്തിന്റെ ഒരു കമാനമായ ‘റിംഗ് ഓഫ് ഫയര്‍’ന് മുകളില്‍ സ്ഥിതി ചെയ്യുന്ന പാപുവ ന്യൂ ഗിനിയയില്‍ ഭൂകമ്പങ്ങള്‍ സാധാരണമാണ്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ഏഴ് പേര്‍ മരിച്ചിരുന്നു. ദ്വീപ് രാഷ്ട്രത്തിലെ ഒമ്പത് ദശലക്ഷം പൗരന്മാരില്‍ പലരും പ്രധാന പട്ടണങ്ങള്‍ക്കും നഗരങ്ങള്‍ക്കും പുറത്താണ് താമസിക്കുന്നത്. ദുര്‍ഘടമായ ഭൂപ്രദേശവും റോഡുകളുടെ അഭാവവും തിരച്ചില്‍, രക്ഷാ ശ്രമങ്ങളെ ഗുരുതരമായി തടസ്സപ്പെടുത്തും.
