Ultimate magazine theme for WordPress.

മാഫിയ സംഘം കൊലപ്പെടുത്തിയ വൈദികനെ അനുസ്മരിച്ച് ഫ്രാന്‍സിസ് പാപ്പ

റോം : പ്രാദേശിക സമൂഹത്തിൻ്റെ വികസനത്തിനും സമാധാനത്തിനും വേണ്ടി ജീവിതം സമർപ്പിച്ച് ഒടുവില്‍ മാഫിയയുടെ ഇരയായ ഇറ്റാലിയന്‍ വൈദികന്‍ ഫാ. ഗ്യൂസെപ്പെ ഡയാനയെ അനുസ്മരിച്ച് ഫ്രാന്‍സിസ് പാപ്പ. വൈദികന്‍ കൊല്ലപ്പെട്ടതിന്റെ 30-ാം ചരമവാർഷികത്തോടനുബന്ധിച്ച് ഇക്കഴിഞ്ഞ ചൊവ്വാഴ്ച ഇറ്റലിയിലെ അവേർസ രൂപതയുടെ അധ്യക്ഷന്‍ ബിഷപ്പ് ആഞ്ചലോ സ്പിനില്ലോയ്ക്ക് അയച്ച കത്തിലാണ് മുപ്പത്തിയാറാം വയസ്സിൽ രക്തസാക്ഷിയായ വൈദികനെ ഫ്രാൻസിസ് മാർപാപ്പ അനുസ്മരിച്ചത്. തന്റെ ജനതയുടെ ബുദ്ധിമുട്ടുകളിലും വെല്ലുവിളികളിലും പ്രവാചകനെപോലെ പ്രവർത്തിച്ച അദ്ദേഹം സ്വന്തം അസ്തിത്വത്തെ മറന്നു ജീവ ത്യാഗം ചെയ്യുകയായിരിന്നുവെന്ന് പാപ്പ പറഞ്ഞു. തിന്മയുടെയും എല്ലാത്തരം ദ്രോഹപരമായ അടിച്ചമർത്തലുകളുടെയും നുകത്തിൽ നിന്നും മുക്തമായ ഒരു ലോകം കെട്ടിപ്പടുക്കുക എന്നതിനെ അടിസ്ഥാനമാക്കിയായിരിന്നു വൈദികന്റെ ഇടപെടലെന്നു പാപ്പ അനുസ്മരിച്ചു.

ഇറ്റലിയിലെ കാമ്പാനിയ മേഖല കേന്ദ്രമാക്കിയ ‘കമോറ’ മാഫിയ സംഘം പ്രദേശത്ത് വലിയ വെല്ലുവിളി ഉയര്‍ത്തിയിരിന്നു. ലോകത്തെ ഏറ്റവും വലിയ ലഹരി വില്‍പന സിന്‍ഡിക്കറ്റായിരുന്നു ‘കമോറ’ ഗൂഢസംഘം. മയക്കുമരുന്ന് കടത്ത്, റാക്കറ്റിംഗ്, കള്ളപ്പണം, കള്ളപ്പണം വെളുപ്പിക്കൽ എന്നിവയും അക്രമങ്ങളും കമോറ തുടര്‍ന്നിരിന്നു. 1980-കളിൽ, മാഫിയ നടത്തിക്കൊണ്ടിരിന്ന റിക്രൂട്ട്‌മെൻ്റിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കുന്നതിനായി കാമ്പാനിയയിലെത്തുന്ന ആഫ്രിക്കൻ കുടിയേറ്റക്കാർക്കായി ഫാ. ഗ്യൂസെപ്പെ ഒരു കേന്ദ്രം സ്ഥാപിച്ചിരിന്നു. 1991 ക്രിസ്തുമസ് ദിനത്തിൽ, തൻ്റെ ഇടവകക്കാരെ കമോറ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം ഒരു കത്ത് പ്രസിദ്ധീകരിച്ചു.

“എൻ്റെ ജനങ്ങളുടെ സ്നേഹത്തിനായി ഞാൻ നിശബ്ദനായിരിക്കില്ല” എന്ന തലക്കെട്ടിലുള്ള കത്തിലൂടെ കമോറയുടെ ഭരണത്തെ ചെറുക്കാൻ അദ്ദേഹം സഭയോട് ആഹ്വാനം ചെയ്തു. പ്രദേശത്തെ കൊള്ളയടിക്കൽ, അനധികൃത മയക്കുമരുന്ന് കടത്ത്, എന്നിവ വഴി ക്രിമിനൽ സംഘടന ഉയര്‍ത്തിയ വലിയ വെല്ലുവിളി അദ്ദേഹം ചൂണ്ടിക്കാട്ടി. അദ്ദേഹത്തിന്റെ ശക്തമായ നിലപാടുകളും ജനത്തിന്റെ ക്ഷേമത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനവും ‘കമോറ’യെ ചൊടിപ്പിച്ചിരിന്നു. 1994 മാർച്ച് 19 വിശുദ്ധ യൗസേപ്പ് പിതാവിന്റെ തിരുനാള്‍ ദിനത്തില്‍ വിശുദ്ധ കുർബാന അര്‍പ്പിക്കുവാന്‍ ഒരുങ്ങുന്നതിനിടെ കമോറ മാഫിയ സംഘം വൈദികന് നേരെ നിറയൊഴിക്കുകയായിരിന്നു. തലയ്ക്ക് നേരെയായിരിന്നു വെടിവെയ്പ്പ്. ഫാ. ഗ്യൂസെപ്പെയുടെ നാമകരണ നടപടികള്‍ക്ക് അവേർസ രൂപത തുടക്കം കുറിച്ചിട്ടുണ്ട്.

Sharjah city AG