അബുദാബി: രാത്രിയിലുടനീളവും രാവിലെയും മൂടല്‍മഞ്ഞും അന്തരീക്ഷ ഈര്‍പ്പവും നിറഞ്ഞ ദിനങ്ങളിലൂടെയാണ് യുഎഇ കടന്നുപോകുന്നത്. ഇന്നും നാളെയും രാജ്യത്തിന്റെ ചില പടിഞ്ഞാറന്‍ പ്രദേശങ്ങളും ദ്വീപുകളും ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും ചെറിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും പ്രതീക്ഷിക്കുന്നു.
ഇന്ന് രാത്രിയിലും ബുധനാഴ്ച രാവിലെയും തീരപ്രദേശങ്ങളില്‍ കാലാവസ്ഥ ഈര്‍പ്പമുള്ളതായിരിക്കും. നേരിയതോ മിതമായതോ ആയ കാറ്റും ഉണ്ടാകുമെന്നും നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി (എന്‍സിഎം) പ്രവചിക്കുന്നു. അറേബ്യന്‍ കടലിടുക്കും ഒമാന്‍ കടലും നേരിയ തോതില്‍ പ്രക്ഷുബ്ധമായിരിക്കും.
പൊതുവെ സുഖകരമായ കാലാവസ്ഥയാണ് വരും ദിവസങ്ങളിലും പ്രതീക്ഷിക്കുന്നത്. ഇന്ന് രാജ്യത്തിന്റെ ആന്തരിക പ്രദേശങ്ങളില്‍ താപനില 14 ഡിഗ്രി സെല്‍ഷ്യസായി കുറയുകയും പരമാവധി 37 ഡിഗ്രി സെല്‍ഷ്യസില്‍ എത്തുകയും ചെയ്യും. മണിക്കൂറില്‍ ശരാശരി 10-25 വേഗതയില്‍ ഉന്മേഷദായകമായ കാറ്റ് പ്രതീക്ഷിക്കുന്നു. പരമാവധി 35 കി.മീറ്റര്‍ വരെ വേഗം കൈവരിക്കുമെന്നും കണക്കുകൂട്ടുന്നു.
നാളെ ബുധനാഴ്ചയും തീരപ്രദേശങ്ങളില്‍ താപനിലയില്‍ ഗണ്യമായ കുറവുണ്ടാവും. തെക്കുകിഴക്ക് മുതല്‍ വടക്കുകിഴക്കന്‍ വരെയുള്ള കാറ്റ് വടക്ക് പടിഞ്ഞാറന്‍ കാറ്റായി മാറുന്നു. 10-25 വേഗതയില്‍ വീശുന്ന കാറ്റ് ചിലപ്പോള്‍ 40 കി.മീ വേഗതയിലെത്തിയേക്കാം. അറേബ്യന്‍ കടലില്‍ നേരിയതോ മിതമായതോ ആയ അന്തരീക്ഷമാണെങ്കിലും ഇടയ്ക്ക് പ്രക്ഷുബ്ധമാവും. ഒമാന്‍ കടലില്‍ നേരിയ തോതില്‍ തിരമാലകള്‍ രൂപപ്പെട്ടേക്കാം.
റമദാന്‍ രണ്ടാം പകുതിയിലേക്ക് കടക്കുന്നതോടെ സൗമ്യമായ കാലാവസ്ഥ മാറി താപനില ക്രമേണ ഉയരും. എന്നാല്‍ രാത്രിയിലും പ്രഭാതത്തിലും നേരിയതോ സുഖകരമായതോ ആയ താപനില അനുഭവപ്പെടും. റമദാനില്‍ രാജ്യത്തെ കൂടിയ താപനില 34 ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കുമെന്നാണ് എന്‍സിഎം അനുമാനിക്കുന്നത്.
