നാഗ്പുര്‍ : രാജ്യത്തിൻ്റെ ഭരണഘടന തിരുത്തണമെന്ന ആവശ്യവുമായി ആർഎസ്എസ്. ഭരണഘടനയില്‍ പറഞ്ഞിട്ടുള്ള ന്യൂനപക്ഷങ്ങള്‍ എന്ന ആശയത്തെ കുറിച്ച് പുനരാലോചന വേണമെന്ന് ആര്‍എസ്എസ്. ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബാലെ പറഞ്ഞു. ഒരു പ്രത്യേക വിഭാഗത്തെ ന്യൂനപക്ഷം എന്ന് വിളിക്കുന്നത് സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. നാഗ്പുരില്‍ നടന്ന ആര്‍എസ്എസ്സിന്റെ അഖില ഭാരതീയ പ്രതിനിധി സഭയുടെ ബൈഠകിന്റെ അവസാന ദിനത്തിൽ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഹൊസബാലെ. ഞായറാഴ്ച നാഗ്പൂരി ചേര്‍ന്ന അഖില ഭാരതീയ പ്രതിനിധി സഭയുടെ യോഗം ദത്താത്രേയ ഹൊസബെല്ലയെ വീണ്ടും ആര്‍എസ്എസിന്റെ ജനറല്‍ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുത്തു. രാജ്യം എല്ലാവരുടേതുമാണെന്നും പറഞ്ഞു. ഇന്ത്യയില്‍ ഏത് മതം പിന്തുടരുന്നവരായാലും ആരെയും ‘ഭൂരിപക്ഷം’ അല്ലെങ്കില്‍ ‘ന്യൂനപക്ഷം’ എന്ന കണ്ണാടിയിലൂടെ കാണരുത്. മണിപ്പൂരിലും ഹരിയാനയിലും നടന്ന വംശീയ സംഘര്‍ഷങ്ങളെക്കുറിച്ചും ദത്താത്രേയ ഹൊസബെല്ലെ പ്രതികരണം രേഖപ്പെടുത്തി. മണിപ്പൂരില്‍ മെയ്‌തെയ്, കുക്കി വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. ഇത് സമൂഹത്തില്‍ മുറിപ്പാടുണ്ടാക്കി. മണിപ്പൂരിലെ ജനസമൂഹത്തിനിടയില്‍ ഉണ്ടായിരിക്കുന്ന മാനസികമായ വിഭജനം അപകടകരമാണെന്ന് ദത്താത്രേയ അഭിപ്രായപ്പെട്ടു.
ലോക്സഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ക്ക് മുമ്പ് പഞ്ചാബിലെ വിഘടനവാദ ഭീകരത കര്‍ഷക പ്രക്ഷോഭത്തിന്റെ മറവില്‍ വീണ്ടും ഉയര്‍ന്നുവന്നിട്ടുണ്ടെന്നും ദത്താത്രേയ ഹൊസബെല്ല ചൂണ്ടിക്കാണിച്ചു. ഭാരതമോ ഹിന്ദുത്വമോ സംഘമോ ആയ എന്തിനോടും ശത്രുത പുലര്‍ത്തുന്ന ശക്തികള്‍ ഈ മൂന്നിനെയും തകര്‍ക്കുന്നതിനോ അപകീര്‍ത്തിപ്പെടുത്തുന്നതിനോ പുതിയ പദ്ധതികള്‍ രൂപപ്പെടുത്തുന്നതിൽ സജീവമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ‘സനാതന ധര്‍മ്മമാണ് നമ്മുടെ രാജ്യത്തിൻ്റെ എല്ലാ അനാരോഗ്യങ്ങള്‍ക്കും കാരണം’, അല്ലെങ്കില്‍ ‘ദക്ഷിണേന്ത്യയെ വെട്ടിമുറിക്കുക’ തുടങ്ങിയ പ്രസ്താവനകൾ ഉയരുന്നതും ജാതി സെന്‍സസിന്റെ സെന്‍സിറ്റീവ് വിഷയത്തില്‍ രാഷ്ട്രീയം കളിക്കുന്നതും രാഷ്ട്രത്തിന്റെ അനൈക്യത്തെ ലക്ഷ്യം വച്ചാണെന്നും ആര്‍എസ്എസിന്റെ ജനറല്‍ സെക്രട്ടറി ചൂണ്ടിക്കാട്ടി.
