ലോക്സഭാ തെരഞ്ഞെടുപ്പ്: പരിസ്ഥിതി സൗഹൃദ തെരഞ്ഞെടുപ്പ് മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു
തിരുവനന്തപുരം: ലോകസഭാ തെരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹൃദ തെരഞ്ഞെടുപ്പായി നടത്തുന്നതിന്റെ ഭാഗമായി ചീഫ് ഇലക്ടറൽ ഓഫീസർ സഞ്ജയ് എം. കൗൾ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. മനുഷ്യനും പരിസ്ഥിതിയ്ക്കും ദോഷകരമായ പ്ലാസ്റ്റിക്, പിവിസി, ഡിസ്പോസിബിൾ വസ്തുക്കൾ മുതലായവ പരമാവധി ഒഴിവാക്കി പുനരുപയോഗിക്കുവാൻ കഴിയുന്നതും പുനഃചംക്രമണത്തിനു വിധേയമാക്കുവാൻ സാധിക്കുന്നതുമായ പരിസ്ഥിതി സൗഹൃദ വസ്തുക്കളുപയോഗിച്ച് ലോകസഭാ തെരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹാർദമായി നടത്തുന്നതിനുള്ള നിർദ്ദേശങ്ങളാണ് പുറപ്പെടുവിച്ചിട്ടുള്ളത്.
വിവിധ സ്ഥാനാർഥികളും രാഷ്ട്രീയ പാർട്ടികളും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്ന ബോർഡുകൾ, ബാനറുകൾ, തുടങ്ങിയവ നിർമിക്കുന്നതിന് പ്ലാസ്റ്റിക്, പിവിസി മുതലായ വസ്തുക്കൾ ഉപയോഗിക്കുന്നതിന് പകരം പുനഃചംക്രമണം ചെയ്യാവുന്നതും പരിസ്ഥിതിയ്ക്ക് അനുയോജ്യമായതുമായ പ്രകൃതി സൗഹൃദ വസ്തുക്കൾ മാത്രം ഉപയോഗിക്കുന്നുവെന്ന് ഉറപ്പു വരുത്തണം.
