Ultimate magazine theme for WordPress.

ദൃശ്യഭംഗിയുടെ മനോഹാരിതയിൽ ആമപ്പാറ; ജാലകം ഇക്കോ പാർക്ക് നാടിന് സമർപ്പിച്ചു

ഇടുക്കി : ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായി വളർന്നുകൊണ്ടിരിക്കുന്ന രാമക്കൽമേട് ആമപ്പാറ ടൂറിസം പദ്ധതിയായ ജാലകം ഇക്കോ പാർക്ക് നാടിന് സമർപ്പിച്ചു. പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. എംഎൽഎ എം. എം. മണി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. 2019- 21 വർഷങ്ങളിൽ രണ്ട് ഘട്ടമായി അനുവദിച്ച മൂന്ന് കോടി 16 ലക്ഷം രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് ആമപ്പാറയിൽ നടത്തിയത് . ടൂറിസം വകുപ്പും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ സ്വകാര്യ സംരഭകരായ തൃശ്ശൂർ ആസ്ഥാനമായുള്ള സിൽക്ക് [സ്റ്റീല് ഇൻഡസ്ട്രിയൽസ് കേരള ലിമിറ്റഡ്] എന്ന കമ്പനിയാണ് നിർമ്മാണ പ്രവർത്തനം നടത്തിയത്.
വാച്ച് ടവർ, സംരക്ഷണഭിത്തികൾ, സ്റ്റീൽ വേലികൾ, അലങ്കാര ലൈറ്റുകൾ, മാർബിൾ ഇരിപ്പിടങ്ങൾ, ടോയ്ലറ്റ് കോംപ്ലക്സ് മുതലായ നിർമ്മിതികളാണ് ഇവിടെ സജ്ജമാക്കിയിരിക്കുന്നത്.

ഇടുക്കിയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ രാമക്കൽമേട് നിന്നും 6 കിലോമീറ്റർ ഓഫ് റോഡ് സഞ്ചരിച്ചാൽ ആമപ്പാറയിൽ എത്തിച്ചേരാം.ഇതിൽ മൂന്നര കിലോമീറ്റർ പ്രധാന പാതയും അതിനുശേഷം ഉള്ള രണ്ടര കിലോമീറ്റർ ആണ് ഓഫ് റോഡ് ഭാഗങ്ങൾ. സാഹസിക യാത്രകൾ ഇഷ്ടപ്പെടുന്നവർ ഏറെ പ്രിയമാണ് ജാലകം എക്കോ പാർക്കിലേക്കുള്ള യാത്ര’ സമുദ്രനിരപ്പിൽ നിന്നും ഏകദേശം മൂവായിരത്തിയഞ്ഞൂറ് അടി ഉയരത്തിലാണ് ആമപ്പാറ സ്ഥിതി ചെയ്യുന്നത്. ഒരു ആമയുടെ ശരീരഭാഗം പോലുള്ള ഒറ്റപ്പാറയും, അതിനോട് ചേർന്ന് തന്നെ ആമയുടെ തല വെളിയിലേക്ക് ഇട്ട തരത്തിലുള്ള മറ്റൊരു ചെറിയ പാറ ചേർന്ന് ഒറ്റനോട്ടത്തിൽ ഒരു ആമയുടെ അതേ രൂപത്തിലുള്ള പാറക്കല്ലാണ് ആമപ്പാറ.
ഇവിടെ എത്തിയാലോ…. ആമപ്പാറയിലെ പുന:ർജ്ജനി എന്ന് വിശേഷിപ്പിക്കാവുന്ന തരത്തിൽ ആമയുടെ ഉള്ളിലെ വിടവിലൂടെ മറുപുറം കടക്കാം.അല്പം സാഹസികതയും മനക്കരുത്തും വേണമെന്ന് മാത്രം. മറുപുറം കടക്കാതെ പാറക്കുള്ളിൽ ആമത്തോടിനുള്ളിലെന്നപോലെ കാറ്റേറ്റ് അല്പസമയം വിശ്രമിക്കുകയും ചെയ്യാം.

വടക്ക് കിഴക്ക് ഭാഗം തമിഴ്നാടും തെക്കു ഭാഗവും കേരളവുമാണ്. ഇവിടെ നിന്നുള്ള ദൃശ്യങ്ങൾ ഏവരെയും ആകർഷിക്കുന്നതാണ്. ഉദയാസ്തമനങ്ങൾ ഒരു പോയിന്റിൽ നിന്ന് ഫലപ്രദമായി തന്നെ കാണാൻ കഴിയുമെന്നുള്ളത് ഏവരെയും ആകർഷിക്കുന്ന ഒന്നാണ്. കാറ്റാടിപ്പാടങ്ങൾ, രാമക്കൽ, കുറവൻകുത്തി – മലമുഴക്കി വേഴാമ്പൽ ശില്പങ്ങളും എവിടെ നിന്ന് ദൃശ്യമാകും . താഴെ തമിഴ്നാടിന്റെ കാഴ്ച അതിമനോഹരമാണ്. കേരളത്തിലെ പച്ചപ്പിനുള്ളിലൂടെ വളഞ്ഞുപുളഞ്ഞു പോകുന്ന മലയോര ഹൈവേയും കാണാം.
ഏകദേശം 325 അടി ഉയരത്തിൽ പുതുതായി നിർമ്മിച്ചിരിക്കുന്ന വാച്ച് ടവറിൽ നിന്ന് നോക്കിയാൽ തമിഴ്നാട്ടിലെ തേനി, മധുര ,വൈഗ ഡാം മുതലായ പ്രദേശങ്ങളും കാണാൻ കഴിയും.

തേക്കടി – മൂന്നാർ റൂട്ടിൽ എത്തുന്ന വിനോദസഞ്ചാരികൾക്ക് ഏറ്റവും എളുപ്പത്തിൽ എത്തിച്ചേരാവുന്ന സ്ഥലമാണ് ആമപ്പാറ. താഴ് വാര പട്ടണമായ തൂക്കുപാലത്തു നിന്നും കിഴക്കോട്ട് നാലര കിലോമീറ്റർ സഞ്ചരിച്ചാൽ തോവാളപ്പടിയിൽ എത്തിച്ചേരാം. തോവാളപ്പടി ജംഗ്ഷനിൽ നിന്ന് തിരിഞ്ഞ് വേണം ആമപ്പാറയിലേക്ക് പോകാൻ. ഇങ്ങോട്ടേക്ക് ഓഫ് റോഡ് യാത്ര മാത്രമേയുള്ളൂ.ഒരു ഗ്രൂപ്പ് ആയിട്ട് എത്തുന്നവർക്ക് ഓഫ് റോഡ് സഫാരി നടത്തുന്ന ജീപ്പുകളിൽ മല മുകളിലേക്ക് കയറി പോകാം. ഏഴ് പേർ അടങ്ങുന്നതാണ് ഒരു ഗ്രൂപ്പ്. ഒരു ഗ്രൂപ്പിന് 1600 രൂപയാണ് ഓഫ് റോഡ് സർവീസിന് ഈടാക്കുന്നത്. രാമക്കൽമേട് സ്റ്റാച്യു, ആമപ്പാറ ,രാമക്കൽമേട് വ്യൂ പോയിന്റ് എന്നിവിടങ്ങളിലായി രണ്ടുമണിക്കൂർ സമയം സഞ്ചാരികൾക്ക് ലഭിക്കും. ഏകദേശം 85 ഓളം ഓഫ് റോഡ് ജീപ്പോൾ ഇങ്ങോട്ടേക്ക് സർവീസ് നടത്തുന്നുണ്ട്.പരീക്ഷ കാലയളവ് ഒഴിച്ച് നിർത്താൻ ദിനംപ്രതി 500 ഓളം സാഹസിക വിനോദയാത്രികർ ആമ പാറയിൽ എത്തിച്ചേരുന്നു.

 

Sharjah city AG