ഹെയ്തി : ഹെയ്തിയിൽ നിന്നും തട്ടിക്കൊണ്ടുപോയ നാല് സേക്രഡ് ഹാർട്ട് സഹോദരന്മാരെയും ഒരു അധ്യാപകനെയും വിട്ടയച്ചു. ഇവർക്കൊപ്പം തട്ടികൊണ്ട് പോകപ്പെട്ട രണ്ടുപേർ ഇപ്പോഴും സായുധ സംഘത്തിൻ്റെ തടവിൽ തുടരുകയാണ്. സേക്രഡ് ഹാർട്ട് കോൺഗ്രിഗേഷൻ ആണ് അഞ്ചുപേരെ മോചിപ്പിച്ച വിവരം പുറത്തുവിട്ടത്. രാജ്യത്തിന്റെ വലിയ ഭാഗങ്ങളും തലസ്ഥാനത്തിന്റെ ഭൂരിഭാഗവും നിയന്ത്രിക്കുന്ന ക്രിമിനൽ സംഘങ്ങളുടെ പ്രധാന ബിസിനസ്സായി മാറിയിരിക്കുകയാണ് തട്ടികൊണ്ട് പോകലുകൾ. സന്യസ്തരെയും വൈദികരെയും ലക്ഷ്യം വച്ചുള്ള തട്ടികൊണ്ട് പോകലുകൾക്കു പിന്നിൽ മോചനദ്രവ്യത്തിനായുള്ള ശ്രമങ്ങളാണെന്നു അടുത്തിടെ നടന്ന സംഭവങ്ങൾ സൂചിപ്പിക്കുന്നു. കൂടാതെ ക്രൈസ്തവ സമൂഹത്തിനു നേരെയുള്ള അതിക്രമങ്ങളും അനുദിനം ഹെയ്തിയിൽ വർധിച്ചു വരുകയാണ്.
