ഇസ്ലാമബാദ് : പാക്കിസ്ഥാനിലെ ക്രിസ്ത്യാനികൾക്കിടയിൽ പ്രത്യാശ ഉണർത്തി രാജ്യത്തെ സുപ്രീം കോടതിയുടെ തീരുമാനം. 2023 ഓഗസ്റ്റിൽ പഞ്ചാബ് പ്രവിശ്യയിലെ ജരൻവാലയിലെ ക്രിസ്ത്യൻ സമുദായങ്ങൾക്കെതിരായി ഉണ്ടായ അക്രമങ്ങളിൽ കൂടുതൽ അന്വേഷണം വേണമെന്ന നിർദേശമാണ് സുപ്രീം കോടതി നൽകിയത്. പഞ്ചാബ് പ്രവിശ്യാ അധികൃതരുടെ പ്രാഥമിക റിപ്പോർട്ട് അപര്യാപ്തമാണെന്ന് കണ്ടെത്തിയ കോടതി, അക്രമികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ പ്രാദേശിക അന്വേഷണ അധികാരികളുടെ നിശ്ചയദാർഢ്യമില്ലായ്മയെ വിമർശിക്കുകയും ചെയ്തു. നിരവധി ആക്രമണങ്ങൾ നടന്ന സംഭവത്തിലെ ഏതാനും എണ്ണം മാത്രമാണ് രേഖപ്പെടുത്തുകയും രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നത്. നിജസ്ഥിതി വ്യക്തമായ കോടതി അക്രമത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ സമർപ്പിക്കാൻ ഉത്തരവിടുകയും ചെയ്തു.
സുപ്രീം കോടതിയുടെ തീരുമാനത്തെ പാക്കിസ്ഥാൻ കാത്തലിക് ബിഷപ്സ് കോൺഫറൻസ് ചെയർമാനും ഹൈദരാബാദ് ബിഷപ്പുമായ ബിഷപ്പ് സാംസൺ ഷുക്കാർഡിൻ സ്വാഗതം ചെയ്തു.
