ബാഗ്ദാദ്: ലോവര്‍ മെസൊപ്പൊട്ടോമിയയിലെ പുരാതന കല്‍ദായ നഗരവും, അബ്രഹാമിന്റെ ജന്മദേശമായി പരാമര്‍ശിക്കുകയും ചെയ്യുന്ന ‘ഉര്‍’ നഗരത്തിലെ ക്രൈസ്തവ ദേവാലയത്തിന്റെ നിര്‍മ്മാണം അവസാന ഘട്ടത്തില്‍. ഇറാഖിലെത്തുന്ന തീർത്ഥാടകരെ ആകർഷിക്കാനായി പണികഴിപ്പിക്കുന്ന ദേവാലയത്തിന്റെ നിര്‍മ്മാണ പണികള്‍ ഈ മാസം പൂർത്തിയാക്കുമെന്നാണ് കരുതുന്നത്. പരമ്പരാഗതമായി ഇറാഖിൽ പ്രചാരത്തിൽ ഇരിക്കുന്ന മഞ്ഞ നിറത്തിലുള്ള ചുടുകട്ട കൊണ്ട് നിർമ്മിച്ച ഗോപുരത്തില്‍ ദേവാലയ മണി ഇതിനോടകം സ്ഥാപിച്ചിട്ടുണ്ട്. അമേരിക്കന്‍ അധിനിവേശവും ഇസ്ലാമിക തീവ്രവാദ സംഘടനകളുടെ ആവിര്‍ഭാവവും ക്രൈസ്തവരെ കൂട്ടപലായനത്തിലേക്ക് നയിച്ചിരിന്നു. മൂന്നു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഫ്രാൻസിസ് മാർപാപ്പ ദീ കർ പ്രവിശ്യയിലേക്കും, ഉർ പൗരാണിക നഗരത്തിലേക്കും നടത്തിയ സന്ദർശനങ്ങൾ ചരിത്ര പ്രാധാന്യം ഉള്ളതായിരുന്നുവെന്ന് പ്രവിശ്യയിലെ പുരാവസ്തു വിഭാഗത്തിന്റെ അധ്യക്ഷ പദവി വഹിക്കുന്ന ഷാമിൽ അൽ റുമൈത് പറഞ്ഞു. ഉർ നഗരത്തിലെ പുരാവസ്തു കേന്ദ്രങ്ങളുടെ സമീപത്തായിട്ടാണ് പുതിയ ദേവാലയം നിർമ്മിക്കപ്പെട്ടിരിക്കുന്നതെന്നും, അതിനാൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള അനേകം ക്രൈസ്തവ സഹോദരങ്ങൾക്ക് ഇവിടം സന്ദര്‍ശനം നടത്താന്‍ പ്രേരണയാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
