ഡൽഹി: ഡൽഹി ഗ്രേയ്റ്റർ നോയിഡയിൽ കഴിഞ്ഞ തിങ്കളാഴ്ച ആരംഭിച്ച ഹാർവെസ്റ്റ് മിഷൻ ഫെസ്റ്റിവൽ സഭായോഗത്തോടും ബിരുദദാന സമ്മേളനത്തോടും കൂടി സമാപിച്ചു. രാവിലെ നടന്ന ആരാധനയ്ക്കും കർതൃമേശയ്ക്കും റവ. ബാബു ജോണും ഡോ. ബിജു ജോണും നേതൃത്വം നൽകി. റവ. ബാബു ഏബ്രഹാം സങ്കീർത്തനം വായിച്ച് പ്രസംഗിച്ചു. 25 വർഷം മുമ്പ് ആരംഭിച്ച ഹാർവെസ്റ്റ് മിഷൻ പ്രവർത്തനങ്ങൾ നോർത്ത് ഈസ്റ്റ് ഇന്ത്യയിലും ബർമ്മയിലുമായി വ്യാപിച്ചു കിടക്കുന്നു. എച്ച്.എം.സിയുടെ പ്രാദേശിക സഭകളിൽ നിന്നായി നൂറുകണക്കിന് വിശ്വാസികൾ ഫെസ്റ്റിവലിന് എത്തിയിരുന്നു. സുവിശേഷത്തിനായി ജയിലിൽ കിടന്നവരുടെ അനുഭവ സാക്ഷ്യങ്ങൾ ഹൃദയസ്പൃക്കായി അനുഭവപ്പെട്ടു. വിവിധ ഭാഷകൾ സംസാരിക്കുന്നവർ ചേർന്നുള്ള കർതൃമേശയും ആരാധനയും അവാച്യമായ അനുഭൂതി പകർന്നു. പ്രത്യാശും സംഘവും ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൽകി. ഏഴ് ദിവസം നീണ്ടുനിന്ന മഹായോഗങ്ങളിൽ അതിഥികളായെത്തിയ റവ.പ്രിൻസ് തോമസ്, സണ്ണി താഴാംപള്ളം, ഡോ. ഓമന റസ്സൽ, ഡോ. ജോളി ജോസഫ്, ഷാജിയോഹന്നാൻ, റവ. പി. കെ. തോമസ്, ഡോ. ജാബേഷ് ജോൺ എന്നിവർ പ്രസംഗിച്ചു.
ഉച്ചകഴിഞ്ഞ് നടന്ന ബിരുദദാന സമ്മേളനത്തിൽ പ്രിൻസിപ്പൽ ഡോ. ബിജു ജോൺ അദ്ധ്യക്ഷത വഹിച്ചു. 28 കുട്ടികളാണ് ഈ വർഷം പഠിച്ചിറങ്ങിയത്. ഇവർക്ക് ഹാർവെസ്റ്റ് മിഷൻ കോളേജ് ഡയറക്ടർ റവ.ബാബു ജോൺ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. പഠിച്ചിറങ്ങിയ കുട്ടികൾക്കായി റവ. പി.കെ. തോമസ് പ്രാർഥിച്ചു.
