Ultimate magazine theme for WordPress.

വിശുദ്ധ നാടിനു വേണ്ടി സഹായ അഭ്യർത്ഥനയുമായി ആർച്ച് ബിഷപ്പ് ക്ലോഡിയോ ഗുഗെറോട്ടി

വത്തിക്കാന്‍ സിറ്റി : ആയിരക്കണക്കിന് ജനങ്ങൾ ദുരിതമനുഭവിക്കുകയും മരിച്ചുവീഴുകയും ചെയ്യുന്ന വിശുദ്ധ നാടിനുവേണ്ടി കൂടുതൽ സഹായ അഭ്യർത്ഥനയുമായി പൗരസ്ത്യ സഭകൾക്കായുള്ള തിരുസംഘത്തിന്റെ അധ്യക്ഷന്‍ ആർച്ച് ബിഷപ്പ് ക്ലോഡിയോ ഗുഗെറോട്ടി. എല്ലാ വര്‍ഷവും ദുഃഖ വെള്ളിയാഴ്ച ദേവാലയങ്ങളിലെ സ്തോത്രക്കാഴ്ച വിശുദ്ധനാടിനു വേണ്ടി പ്രത്യേകം നീക്കിവയ്ക്കുന്ന പതിവനുസരിച്ച് ഇക്കൊല്ലം കൂടുതൽ ഉദാരമായി സംഭാവന ചെയ്യാൻ വിശ്വാസികളെ ക്ഷണിക്കുകയാണെന്ന്‍ ആർച്ച് ബിഷപ്പ് ക്ലോഡിയോ ഗുഗെറോട്ടി പറഞ്ഞു.

2023-ൽ വിശുദ്ധ നാടിനു വേണ്ടി 65 ലക്ഷത്തിലേറെ യൂറോ സമാഹരിച്ചുവെന്ന് പൗരസ്ത്യ സഭകൾക്കായുള്ള സംഘം വെളിപ്പെടുത്തി. 58 കോടി 50 ലക്ഷത്തിൽപ്പരം രൂപയ്ക്കു തുല്യമായ തുകയാണിത്. ആഗോള സഭയുടെ ഐക്യദാർഢ്യത്തിന്റെ പ്രതിഫലനമായ ഈ തുക ജെറുസലേം, പലസ്തീൻ, ഇസ്രായേൽ, ജോർദ്ദാൻ, സൈപ്രസ്, സിറിയ, ലെബനോൻ, ഈജിപ്റ്റ്, എത്യോപ്യ, എറിത്രിയ, തുർക്കി, ഇറാൻ, ഇറാഖ് എന്നിവിടങ്ങളിലെ അജപാലന – വിദ്യാഭ്യാസപരമായ സംവിധാനങ്ങൾക്കു വേണ്ടി ഉപയോഗിക്കും.

പ്രോ ടെറാ സാൻങ്ത എന്ന പേരിലുള്ള സ്തോത്രക്കാഴ്ച ശേഖരണം 1974 മുതൽ വത്തിക്കാന്റെ നേതൃത്വത്തിലാണ് നടന്നുവരുന്നത്. ഇതിനു വേണ്ടി ദുഃഖ വെള്ളിയാഴ്ച തെരഞ്ഞെടുത്തത് പോൾ ആറാമൻ മാർപാപ്പയാണ്. ലഭിക്കുന്ന സാമ്പത്തിക സഹായത്തിൽ 65 ശതമാനം ജെറുസലേമിലെ ക്രൈസ്തവരുടെ പരിപാവന കേന്ദ്രങ്ങൾ സംരക്ഷിക്കുന്ന ഫ്രാൻസിസ്കൻ കസ്റ്റഡി ഓഫ് ദ ഹോളി ലാൻഡിനാണ് ലഭിക്കുക.

Leave A Reply

Your email address will not be published.