Ultimate magazine theme for WordPress.

സംസ്ഥാന സർക്കാരിൻ്റെ മദ്യനയം തിരുത്തണം: ബിഷപ്പ് ജോഷ്വാ മാർ ഇഗ്നാത്തിയോസ്

മാവേലിക്കര: സംസ്ഥാന സർക്കാരിൻ്റെ മദ്യനയം തിരുത്തണമെന്ന് മദ്യ വിരുദ്ധ ജനകീയ മുന്നണി ചെയർമാൻ ബിഷപ്പ് ജോഷ്വാ മാർ ഇഗ്നാത്തിയോസ്. സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യ വിൽപ്പനയ്ക്ക് നീക്കം
ഊർജിതമാക്കിയിരിക്കുകയാണ് സർക്കാരും വൻകിട മദ്യ കമ്പനികളും. വിൽപ്പന നികുതി സംബന്ധിച്ച നിർദേശങ്ങളുമായി ആദ്യ പ്രൊപ്പോസൽ ബക്കാർഡി ഇന്ത്യ ലിമിറ്റഡ് സമർപ്പിച്ചിരിക്കുകയാണ്. ഈ മാസം നാലിനാണ് ബക്കാർഡി കമ്പനി കുറഞ്ഞ നികുതി നിരക്ക് അടങ്ങുന്ന ശിപാർശ സർക്കാരിന് കൈമാറിയത്. ജിഎസ്ടി കമ്മീഷണർ പുതിയ നികുതി നിരക്ക് ശിപാർശ ചെയ്‌തതിന് പിന്നാലെയാണ് നീക്കം.

ജനങ്ങളുടെ മദ്യാസക്തി കുറച്ചുകൊണ്ടുവരുന്നതിനും സംസ്ഥാനത്തെ ജന ജീവിതം മെച്ചപ്പെടുത്തുന്നതിനും മുൻകൈയെടുക്കേണ്ട ഭരണകൂടം ജീവിത നിലവാരത്തെ തകർക്കാനാണ് ശ്രമിക്കുന്നത്. സംസ്ഥാനത്ത് ഗുണ്ടാ വിളയാട്ടവും അക്രമ സംഭവങ്ങളും ദിനംപ്രതി വർധിക്കുന്ന സന്ദർഭത്തിലും വീര്യം കുറഞ്ഞ മദ്യ വിൽപ്പന എന്ന സർക്കാർ നയം പ്രതിഷേധാർഹമാണ്. വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കുന്നതിനൊപ്പം വിവിധ ഭാഗങ്ങളിൽ പുതിയ മദ്യഷോപ്പുകൾ തുറക്കുകയും ഐടി പാർക്കുകളിൽ മദ്യശാലകൾ ആരംഭിക്കുകയും ചെയ്യുന്നതാണ് സർക്കാരിൻ്റെ പുതിയ മദ്യനയം. മദ്യനയത്തിനെതിരെ പ്രതിഷേധം കനക്കുമ്പോഴും നിഷേധാത്മക നിലപാടുമായി സംസ്ഥാന സർക്കാർ മുമ്പോട്ടുപോകുകയാണ്. മദ്യലോബിയുടെ താൽപ്പര്യത്തെ സംരക്ഷിക്കുന്ന സർക്കാർ നയത്തിനെതിരേ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുവാൻ സുമനസുകൾ മുന്നോട്ടു വരണമെന്നും ബിഷപ്പ് ആവശ്യപ്പെട്ടു.

Leave A Reply

Your email address will not be published.