ഇടുക്കി: വന്യമൃഗ ആക്രമണത്തില്‍ സംസ്ഥാന ഗവണ്‍മെന്റിനെതിരെ ശക്തമായ നിലപാടുമായി ഇടുക്കി രൂപത. നിഷ്‌ക്രിയമായ ഭരണകൂടമാണ് നാട്ടിലുള്ളതെന്ന് ഇടുക്കി രൂപതാ വക്താവ് ഫാ. ജിന്‍സ് കാരയ്ക്കാട്ട് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. കേരളം ഉണരുന്നതും ഉറങ്ങുന്നതും വന്യമൃഗങ്ങള്‍ നിഷ്ഠൂരമായി ആളുകളെ കൊല ചെയ്യുന്ന വാര്‍ത്ത കേട്ടുകൊണ്ടാണ്. കാട് വിട്ട് നാട്ടില്‍ ഇറങ്ങുന്ന വന്യമൃഗങ്ങളെ തുരത്തി കാട്ടില്‍ കയറ്റുന്നതിന് പകരം ഭയം കൊണ്ട് തെരുവിലിറങ്ങി നിലവിളിക്കുന്ന സാധാരണക്കാരന്റെ സമരങ്ങളെ അടിച്ചമര്‍ത്തുകയും തല്ലി ചതിക്കുകയും കള്ളക്കേസില്‍ കൊടുക്കുകയും ചെയ്യുന്ന ഗതികെട്ട നാടായി കേരളം മാറി. കപട പരിസ്ഥിതി വാദം വെടിഞ്ഞ് മനുഷ്യന്റെ പക്ഷം ചേര്‍ന്ന് നാട് ഭരിക്കുന്ന ഭരണകൂടം ഉണ്ടാകണം.
ഇടുക്കിയില്‍ കഴിഞ്ഞ രണ്ടുമാസത്തിനുള്ളില്‍ പൊലിഞ്ഞത് 5 ജീവനുകളാണ്.അഞ്ചു കുടുംബങ്ങളുടെ അത്താണികളാണ് നഷ്ടപ്പെട്ടുപോയത്. ഇനിയും ഒരാളുടെ പോലും ജീവന്‍ നാട്ടില്‍ നഷ്ടപ്പെടാന്‍ ഇടയാവരുത്. അതിന് ഭരണകൂടം ക്രിയാത്മകമായി ഉണര്‍ന്നു പ്രവര്‍ത്തിക്കണം. അതിനു സാധിക്കാതെ വന്നാല്‍ സാധാരണക്കാരായ ആളുകളുടെ പക്ഷം ചേര്‍ന്ന് ഇടുക്കിയിലെ ഒരു പൊതു സംവിധാനം എന്ന നിലയില്‍ രൂപതാ സമരമുഖത്ത് സജീവമാകുമെന്നും രൂപതാ വക്താവ് ഫാ. ജിന്‍സ് കാരയ്ക്കാട്ട് വ്യക്തമാക്കി.
