സി.എസ്.ഐ മദ്ധ്യകേരള മഹായിടവകയുടെ പതിമൂന്നാമതു ബിഷപ്പായി റവ.ഡോ. സാബു കെ ചെറിയാൻ
സി.എസ്.ഐ മദ്ധ്യകേരള മഹായിടവകയുടെ പതിമൂന്നാമതു ബിഷപ്പായി അഭിഷിക്തനാകുന്ന റവ.ഡോ. സാബു കെ ചെറിയാന് എല്ലാ വിധ അഭിനന്ദനങ്ങളും, ആശംസകളും, പ്രാർഥനകളും നേരുന്നു. പുന്നക്കാട്,സെയിൻ്റ് തോമസ് സി.എസ്.ഐ ചർച്ചാണ് നിയുക്ത ബിഷപ്പിൻ്റെ മാതൃ ഇടവക. റവ.ഡോ.സാബു.കെ.ചെറിയാൻ, പുന്നക്കാട് മലയിൽ കുടുംബത്തിലെ, അധ്യാപക ദമ്പതികളായ ശ്രീ. എം. കെ ചെറിയാന്റെയും ശ്രീമതി. ഏലിയാമ്മ ചെറിയാന്റെയും മകനായി 1961 ഓഗസ്ററ് 26ന് ജനിച്ചു.
റൈറ്റ്.റവ.എം സി മാണി തിരുമേനിയിൽ നിന്ന് 1988, ഏപ്രിൽ 20ന് ഡീക്കൻ പട്ടവും, 1989 ജനുവരി 28ന് പ്രെസ്ബിറ്റർ പട്ടവും, സ്വീകരിച്ചു. മുഴുസമയ ക്രിസ്തീയ മിഷനറി പ്രവർത്തകൻ ആകുന്നതിന്, അമേരിക്കയിലേക്ക് കുടിയേറുന്നതിനുള്ള സാധ്യതകൾ അദ്ദേഹം നിരസിക്കുകയായിരുന്നു.1966മുതൽ 1988 വരെ 8 വർഷക്കാലം, റവ.ഡോ. സാബു കെ ചെറിയാൻ ആന്ധ്രപ്രദേശ് മൊഗുളപ്പള്ളി സി എസ് ഐ മിഷനിൽ സേവനനിരതനായി. കുമ്പളാംപൊയ്ക സെയിന്റ് ആൻഡ്രൂസ് സി.എസ്.ഐ ചർച്ച്, ന്യൂയോർക്ക് സി.എസ്. ഐ ജൂബിലി മെമ്മോറിയൽ ചർച്ച്, കോട്ടയം അസൻഷൻ ചർച്ച്, മൂലേടം സെയിന്റ് പോൾസ് സി.എസ് ഐ ചർച്ച്, മാവേലിക്കര സി എസ ഐ ക്രൈസ്റ്റ് ചർച്ച്, കുഴിക്കാല സെയിന്റ് മേരീസ് സി എസ ഐ ചർച്ച്, തോലശ്ശേരി സെന്റ് തോമസ് സി.എസ്.ഐ ചർച്ച് എന്നീ ഇടവകകളിൽ അദ്ദേഹം വികാരിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 2014 മുതൽ 2017 വരെ മധ്യകേരള മഹായിടവകയിൽ ഇലക്ഷനിലൂടെ തെരഞ്ഞെടുക്കപ്പെട്ട ആദ്യ ട്രഷററായി സേവനം അനുഷ്ടിച്ചു. മഹായിടവകയുടെ പ്രവർത്തക സമിതിയംഗം, സി.എസ്. ഐ സിനഡ് അംഗം, പ്രോപ്പർട്ടി ബോർഡ് സെക്രട്ടറി, പാസ്റ്ററൽ ബോർഡ് സബ് കമ്മിറ്റി അംഗം, ബിഷപ്പ് സറോഗേറ്റ്, കുമ്പളാം പൊയ്ക എക്യൂമെനിക്കൽ ക്രിസ്റ്റിയൻ ഫെലോഷിപ് സ്ഥാപക പ്രസിഡന്റ്, ജില്ലാ ചെയർമാൻ എന്നിവയെല്ലാം അദ്ദേഹം വഹിച്ചിരുന്ന ചുമതലകളിൽ പെടുന്നു.
ന്യൂയോർക് തിയളോജിക്കൽ സെമിനാരിയിൽ നിന്ന് ഡോക്ടറേറ്റും, അണ്ണാമലൈ സർവ്വകലാശാലയിൽ നിന്ന് സോഷ്യോളജിയിൽ മാസ്റ്റേഴ്സും, പൂനെ യൂണിയൻ ബിബ്ലിക്കൽ സെമിനാരിയിൽ നിന്ന് ബാച്ച്ലർ ഓഫ് ഡിവിനിറ്റിയും, മാവേലിക്കര പീറ്റ് മെമ്മോറിയൽ കോളേജിൽ നിന്ന് ബാച്ച്ലർ ഓഫ് എഡ്യൂക്കേഷനും, കോഴഞ്ചേരി സെന്റ് തോമസ് കോളേജിൽ നിന്ന് ഗണിതശാസ്ത്രത്തിൽ ബാച്ച്ലർ ഓഫ് സയൻസും, കംപ്യൂട്ടർ സയൻസിൽ ബിരുദാനന്ത ഡിപ്ളോമ യും ഡോ.സാബു.കെ.ചെറിയാൻ കരസ്ഥമാക്കിയിട്ടുണ്ട്.
ഭാര്യ ഡോ.ജെസ്സി കോശി,മക്കളായ സിബു ചെറിയാൻ കോശി, ഡോ.സാം ജോൺ കോശി എന്നിവർ അടങ്ങുന്നതാണ് അദ് ദേഹത്തിൻ്റെ സന്തുഷ്ട കുടുംബം. ആലിസ് മാത്യു (മോളമ്മ), ആനി മാത്യു (കൊച്ചുമോൾ), മേരിക്കുട്ടി ജോൺ (ബാവക്കുട്ടി), സാലി ഫിലിപ്പ്, സൂസൻ ജോർജ്, ജേക്കബ് ചെറിയാൻ (അനി) എന്നിവർ സഹോദരങ്ങൾ ആണ്.
മഹായിടവകയെ മുന്നോട്ട് നയിക്കുന്നതിന് വേണ്ട ധൈര്യവും, കരുത്തും, വിവരവും വിവേകവും, സർവ്വശക്തനായ ദൈവം നിയുക്ത ബിഷപ്പ് റവ.ഡോ. സാബു കെ ചെറിയാന് വേണ്ടുവോളം നൽകി അനുഗ്രഹിക്കുമാറാകട്ടെ. മലയിൽ കുടുംബാംഗമാണ്.