കയ്റോ ∙ ഗാസയിൽ വെടിനിർത്തലിനുള്ള സാധ്യതയും പ്രതീക്ഷയും വീണ്ടും തെളിയുന്നു. ഈജിപ്ത്, യുഎസ്, ഖത്തർ എന്നീ രാജ്യങ്ങൾ മുൻകൈയെടുത്തു നടത്തുന്ന സമാധാന ചർച്ചയിൽ ഹമാസിന്റെ ഉന്നത നേതാവ് ഇസ്മായിൽ ഹനിയ തന്നെ പങ്കാളിയായി. ഈജിപ്തിന്റെ രഹസ്യാന്വേഷണ വിഭാഗം തലവൻ അബ്ബാസ് കമാലുവുമായി ഹനിയ കൂടിക്കാഴ്ച നടത്തി നിർദേശങ്ങളുമായി മടങ്ങി. ഇന്നു പാരിസിൽ നടക്കുന്ന രാജ്യാന്തര മധ്യസ്ഥരുടെ ചർച്ചയിൽ പുതിയ നിർദേശങ്ങൾ അവതരിപ്പിക്കും.
ഇസ്രയേൽ തടവിലാക്കിയ മുഴുവൻ പലസ്തീൻകാരെയും മോചിപ്പിക്കണമെന്നും സൈനികനടപടി നിർത്തണമെന്നുമാണ് ഹമാസ്ആവശ്യപ്പെടുന്നത്. പകരം ഹമാസ് ബന്ദിയാക്കിയവരിൽ ബാക്കിയുള്ള നൂറോളം പേരെ വിട്ടയയ്ക്കുമെന്നതാണ് പ്രധാന ധാരണ. ഇതേസമയം, 15 ലക്ഷത്തോളം പലസ്തീൻകാർ അഭയം തേടിയിട്ടുള്ള ഈജിപ്ത് അതിർത്തിയിലെ റഫ നഗരത്തിൽ ഇന്നലെയും ഇസ്രയേൽ ബോംബാക്രമണം നടത്തി .104 പേരുകൂടി കൊല്ലപ്പെട്ടതോടെ ഇപ്പോഴത്തെ സംഘർഷത്തിൽ കൊല്ലപെട്ടവരുടെ എണ്ണം 29514 ആയി.
യുദ്ധാനന്തര പലസ്തീൻ സംബന്ധിച്ച ഇസ്രയേലിന്റെ നയരേഖ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു മന്ത്രിസഭായോഗത്തിൽ അവതരിപ്പിച്ചു. ജോര്ദ്ദാന് പടിഞ്ഞാറ് ഗാസയും വെസ്റ്റ് ബാങ്കുകൾ ഉൾപ്പെടെയുള്ള പ്രദേശം ഇസ്രയേലിന്റെ സുരക്ഷയിലായിരിക്കുമെന്നാണ് പറയുന്നത്.
പലസ്തീൻ കാർക്കും പ്രാതിനിധ്യംമുള്ള ഭരണം അനുവദിക്കും.ഹമാസിനോ ,പലസ്തീൻ അതോറിറ്റിക്കോ പങ്കുണ്ടാവില്ല .യു എസ് ന്റെ നിലപാടിന് വിരുദ്ധമാണിത്. സ്വതന്ത്ര പലസ്തീൻ അതോറിറ്റിക്ക് കൂടി പങ്കുള്ള ഭരണമാണ് യു എസ് താൽപര്യപ്പെടുന്നത്.
