ഗുവാഹത്തി: മുസ്‌ലിങ്ങളുടെ വിവാഹ-വിവാഹ മോചന നിയമം റദ്ദാക്കി അസം സർക്കാർ. വെള്ളിയാഴ്ച നടന്ന മന്ത്രിസഭ യോഗത്തിന് പിന്നാലെയാണ് തീരുമാനം. ഫെബ്രുവരി 28വരെ നടക്കുന്ന അസം നിയമസഭ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു. ഫെബ്രുവരി ഏഴിന് ഉത്തരാഖണ്ഡ് നിയമസഭ ബിൽ പാസാക്കിയതിന് പിന്നാലെ അസമിലും നിയമ നിർമാണം നടത്താൻ പദ്ധതിയിടുന്നതായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പറഞ്ഞിരുന്നു.
1935ലെ അസം വിവാഹ-വിവാഹ രജിസ്ട്രേഷന് കീഴിൽ ഇനി ഒന്നും രജിസ്റ്റർ ചെയ്യാൻ അനുവദിക്കില്ലെന്ന് മന്ത്രിസഭ യോഗം അറിയിച്ചു. വിവാഹവും വിവാഹ മോചനവും ഇനിമുതൽ സ്പെഷ്യൽ മാരേജ് ആക്റ്റിന്റെ കീഴിലായിരിക്കും വരിക. ഏക സിവിൽ കോഡ് നടപ്പാക്കുന്നതിനുള്ള ചുവടുവെപ്പാണിതെന്ന് മന്ത്രി ജയന്ത മല്ലബറുവ പറഞ്ഞു.
ഏക സിവിൽ കോഡും ബഹുഭാര്യത്വ വിരുദ്ധ ബില്ലുകളും നടപ്പാക്കുന്നതിനെ കുറിച്ച് ചർച്ചകൾ നടക്കുകയാണെന്ന് ഫെബ്രുവരി 12ന് ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞിരുന്നു. ‘രാജ്യത്ത് ഇന്ന് ഒരു ഏകീകൃത നയം ആവശ്യമാണ്. അതിൽ കേന്ദ്ര നേതാക്കളുമായി ഞങ്ങൾ ചർച്ച നടത്തും’, ഹിമന്ത ബിശ്വ ശർമ പറഞ്ഞു.
ആഴ്ചകൾക്ക് മുമ്പാണ് ഏക സിവിൽ കോഡ് നിയമം ഉത്തരാഖണ്ഡ് സർക്കാർ പാസാക്കിയത്. ഇതോടെ രാജ്യത്ത് ഏകസിവിൽ കോഡ് ബിൽ പാസാക്കുന്ന ആദ്യത്തെ സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറി. ഏക സിവിൽ കോഡ് നടപ്പാക്കുന്നതിനുള്ള അസമിൻ്റെ ആദ്യത്തെ ചുവടുവെപ്പാണ് മുസ്‌ലിം വിവാഹ- വിവാഹ മോചന നിയമം റദ്ദാക്കിയ നടപടി.
