വീയപുരം : ഇന്ത്യൻ പെന്തകോസ്ത് സഭയുടെ ഏറ്റവും മുതിർന്ന ശുശ്രുഷകൻ പാ. എം വി വർഗീസ് അപ്പച്ചന് നൂറ് വയസ്.
ഐപിസി സ്റ്റേറ്റ് പ്രസിഡന്റായി സേവനം അനുഷ്ടിച്ചിട്ടുള്ള ഇദ്ദേഹം സഭയിലെ ആദ്യത്തെ വിദേശ മിഷിനറിയും ബൈബിൾ കോളേജ് അദ്ധ്യാപകനും സുവിശേഷ പ്രഭാഷകനുമാണ്. ദീർഘ വർഷങ്ങൾ സെന്റർ ശുശ്രുഷകനായിരുന്നു. പന്ത്രണ്ടോളം ഗാനങ്ങൾ എഴുതി.
പാ. എം വി വർഗീസ് മുപ്പത്തഞ്ചു വർഷങ്ങൾ ആലപ്പുഴ ഈസ്റ്റ് സെന്ററിന്റെ ചുമതല വഹിച്ചിട്ടുണ്ട്. സഭകളെയും ശുശ്രുഷകന്മാരെയും ഒന്നിച്ച് കൊണ്ടുപോകാനും എതിർത്തവരെപ്പോലും സ്നേഹത്തോടെ ഉൾക്കൊള്ളാനും ശ്രമിചിട്ടുള്ള ഇദ്ദേഹം പ്രായഭേദമില്ലാതെ എല്ലാവരോടും സൗഹൃദവും വിനയവും വിശാലഹൃദയവും സൂക്ഷിക്കുന്നു. നർമ്മ ബോധവും പരിപക്വമായ ശുശ്രുഷാമികവും പ്രസിദ്ധമാണ്.
പെന്തകോസ്ത്തിന്റെ ആദ്യകാല അനുഭവങ്ങൾ നേരിൽ കണ്ടിട്ടുള്ളവരിൽ ജീവിച്ചിരിക്കുന്ന അപൂർവ്വം ചിലരിൽ ഒരാളാണ് പാ. എം വി വർഗീസ്. കറപുരളാത്ത ജീവിതം കൊണ്ടും നിർമ്മലമായ ഉപദേശ ശുദ്ധികൊണ്ടും ജനഹൃദയങ്ങളിൽ സ്ഥാനം കിട്ടിയ അഭിഷിക്തൻ. പെന്തകോസ്ത് പ്രസ്ഥാനത്തിൽ ജീവിത വിശുദ്ധിയും ഉപദേശ വിശുദ്ധിയും കൈമുതലാക്കിയ അപ്പച്ചൻ വിശ്വാസ സമൂഹത്തിനും ശുശ്രുഷാവൃന്ദത്തിനും മാതൃകയാണ്.
