ടെഹ്റാന്‍: ഇറാനില്‍ കഴിഞ്ഞ വര്‍ഷം ക്രൈസ്തവര്‍ വലിയ രീതിയിലുള്ള മതപീഡനത്തിന് ഇരയായതായി റിപ്പോര്‍ട്ട്. ക്രിസ്ത്യൻ സോളിഡാരിറ്റി വേൾഡ് വൈഡ്, ഓപ്പൺ ഡോർസ്, മിഡിൽ ഈസ്റ്റ് കൺസേൺ എന്നീ സംഘടനകള്‍ സംയുക്തമായി പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ ബൈബിള്‍ കൈവശംവെച്ചതിന് വരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് പറയുന്നു. മൂന്നിലൊന്ന് അറസ്റ്റുകളും ബൈബിളിന്റെ ഒന്നിലധികം കോപ്പികൾ കൈവശം വച്ചിരിക്കുന്ന വ്യക്തികളെ ലക്ഷ്യമിട്ടായിരിന്നുവെന്നാണ് കണക്ക്.
2023-ൽ 166 അറസ്റ്റുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. ക്രിസ്തുമസ് സമയത്ത് അറസ്റ്റുകളുടെ എണ്ണം വലിയ രീതിയില്‍ വര്‍ദ്ധിക്കുകയായിരിന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇറാനിൽ, ഇസ്ലാം മതം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നത് നിയമവിരുദ്ധമാണ്. പ്രാര്‍ത്ഥന കൂട്ടായ്മകളില്‍ അംഗമാണെന്ന് കണ്ടെത്തുന്നവര്‍ക്ക് നേരെ ദേശീയ സുരക്ഷയ്ക്കു വിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്ന കുറ്റം ചുമത്തി ജയില്‍ ശിക്ഷ നല്‍കുന്നത് രാജ്യത്തു പതിവാണ്.
രാജ്യത്തെ നിയമ വ്യവസ്ഥ അനുസരിച്ച് ഇസ്ലാം മതത്തിലേക്ക് ആളുകൾക്ക് പരിവർത്തനം ചെയ്യാമെങ്കിലും ഇസ്ലാം മതസ്ഥർക്ക് മറ്റു മതങ്ങളിലേക്ക് പരിവർത്തനം ചെയ്യാൻ അനുമതിയില്ല. ഇങ്ങനെ ചെയ്താൽ ഇത് ശരിയത്ത് നിയമപ്രകാരം വധശിക്ഷ പോലും ലഭിക്കാൻ സാധ്യതയുള്ള കുറ്റമാണ്. 8.7 കോടി ജനങ്ങളുള്ള ഇറാനില്‍ 3,00,000 ക്രിസ്ത്യാനികള്‍ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ക്രൈസ്തവരെ ലക്ഷ്യംവെച്ചുള്ള പീഡനം ശക്തമാകുമ്പോഴും ആയിരക്കണക്കിന് ഇസ്ലാം മതസ്ഥര്‍ ഇസ്ലാം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നതായുള്ള വിവിധ റിപ്പോര്‍ട്ടുകള്‍ രാജ്യത്തു നിന്നു പുറത്തുവരുന്നുണ്ട്.
