വത്തിക്കാൻ സിറ്റി : ഫെബ്രുവരി പതിനാലാം തീയതി വത്തിക്കാനിലെ പോൾ ആറാമൻ ശാലയിൽ വച്ച് നടത്തിയ പൊതുകൂടിക്കാഴ്ചാവേളയിലാണ് കമ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ ഭീകരത നിലനിന്നിരുന്ന ഇരുണ്ടകാലഘട്ടത്തിൽ നീണ്ട ഇരുപത്തിയെട്ടു വർഷങ്ങൾ ജയിൽവാസം അനുഭവിച്ച ,അൽബേനിയൻ വംശജനായ 95 കാരനായ കർദിനാൾ ഏർണെസ്റ്റ് സിമോണിയുടെ ധീരതയാർന്ന ജീവിതസാക്ഷ്യം, ഫ്രാൻസിസ് പാപ്പാ, എടുത്തു പറയുകയും, കർദിനാളിനെ ആലിംഗനം ചെയ്യുകയും ചെയ്തു. സഭയുടെ ആദ്യകാലഘട്ടങ്ങളിൽ ക്രിസ്തുവിനു വേണ്ടി ജീവത്യാഗം ചെയ്ത രക്തസാക്ഷികളെ അനുസ്മരിച്ചു പാപ്പാ, ഇന്നും അനേകം രക്തസാക്ഷികൾ സുവിശേഷത്തിനുവേണ്ടി മരണത്തിനു കീഴടങ്ങുന്നുവെന്ന സത്യം എടുത്തു പറഞ്ഞു. വിശ്വാസത്തിനു വേണ്ടി പീഢയനുഭവിക്കുന്ന ധാരാളം ആളുകൾ ലോകത്തിന്റെ പലയിടങ്ങളിൽ ഉണ്ടെന്നു പറഞ്ഞ പാപ്പാ, ജീവിച്ചിരിക്കുന്ന രക്തസാക്ഷിയെന്നാണ് കർദിനാൾ സിമോണിയെ വിശേഷിപ്പിച്ചത്.
വൈദികനായും, മെത്രാനായും ഇരുപത്തിയെട്ടു വർഷങ്ങൾ ജയിലിൽ നരകയാതന അനുഭവിച്ച കർദിനാൾ സിമോണിയുടെ വിശ്വാസതീക്ഷ്ണത പാപ്പാ അനുസ്മരിച്ചു. ഇന്നും തന്റെ ജീവിതത്തിലൂടെ അനേകർക്ക് പ്രചോദനം നൽകുന്ന കർദിനാളിനു പാപ്പാ നന്ദിയർപ്പിച്ചു. 95 വയസ് പൂർത്തിയാക്കിയ കർദിനാൾ, ഇന്നും സഭയ്ക്കുവേണ്ടി നൽകിക്കൊണ്ടിരിക്കുന്ന ശക്തിപൂർണ്ണമായ സേവനവും പാപ്പാ എടുത്ത് പറഞ്ഞു. ‘പ്രിയ സഹോദരാ’, എന്ന് വിളിച്ചുകൊണ്ടാണ് പാപ്പാ കർദിനാളിനെ അഭിസംബോധന ചെയ്തത്. തന്റെ തടവുകാലത്തും ഒരിക്കൽപോലും വിശുദ്ധ കുർബാന പരികർമ്മം ചെയ്തിരുന്നത് അദ്ദേഹം മുടക്കിയിരുന്നില്ല. ജയിൽ മോചിതനായ ഉടനെ തന്നെ ജയിലിൽ അടച്ചവർക്കു അദ്ദേഹം മാപ്പു നൽകിയതും എടുത്തു പറയേണ്ടതാണ്.
