കലാപഭൂമിയിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ തുടരുന്ന ക്രൈസ്തവ സംഘടനയെ അഭിനന്ദിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി
ലണ്ടന്‍: യുക്രൈനിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിവരുന്ന ക്രൈസ്തവ സന്നദ്ധ സംഘടനയായ യൂറോപ്യൻ മിഷൻ ഫെലോഷിപ്പിനെ അഭിനന്ദിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനാക്ക്. 2023 മാർച്ച് മാസത്തിന്റെ അവസാനത്തില്‍ അഞ്ച് ലക്ഷത്തോളം പൗണ്ട് സംഘടനയ്ക്ക് കണ്ടെത്താൻ സാധിച്ചിരുന്നു. കഴിഞ്ഞ ഏതാനും ആഴ്ചകളായി നടത്തിയ ക്യാമ്പയിനിൽ മാത്രം അരലക്ഷത്തോളം പൗണ്ടാണ് ഇവർക്ക് ലഭിച്ചത്. ഫെലോഷിപ്പിനെ അഭിനന്ദിച്ചുകൊണ്ട് ബ്രിട്ടീഷ് പ്രധാനമന്ത്രി കത്തെഴുതുകയായിരിന്നു.
റഷ്യ- യുക്രൈൻ യുദ്ധം ആരംഭിച്ചതിന്റെ രണ്ടാം വാർഷികം അടുക്കുമ്പോൾ ഏകദേശം ഒരു കോടി 70 ലക്ഷത്തോളം ആളുകളാണ് യുക്രൈനിൽ സഹായം കാത്തു കഴിയുന്നത്. രാജ്യത്ത് 36 ലക്ഷത്തോളം ആളുകൾ ഭവനരഹിതരായി മാറിയെന്നാണ് ഐക്യരാഷ്ട്ര സംഘടനയുടെ കണക്ക്. ഇതുവരെ ശേഖരിച്ച പണം പന്ത്രണ്ട് സഭകൾക്കും, ഫെലോഷിപ്പുമായി ബന്ധപ്പെട്ട പ്രവർത്തിക്കുന്ന സംഘടനകൾക്കുമാണ് നൽകിയിരിക്കുന്നത്. ഈ പണം ഉപയോഗിച്ച് ഭക്ഷണം, മെഡിക്കൽ സഹായം, പുതപ്പുകൾ തുടങ്ങിയവ ദുരിതബാധിതര്‍ക്ക് ലഭ്യമാക്കുന്നുണ്ട്.
തങ്ങളുടെ പ്രവർത്തനം സുവിശേഷത്തിൽ ഊന്നിയുള്ളതാണെന്നു ഫെലോഷിപ്പിന്റെ പ്രവർത്തകർ വ്യക്തമാക്കി. യൂറോപ്യൻ മിഷൻ ഫിലോഷിപ്പിന്റെ പ്രവർത്തകർ 2023 ആദ്യം യുക്രൈനിൽ സന്ദർശനം നടത്തിയിരുന്നു. 60 വർഷത്തിലേറെയായി യൂറോപ്പിലുടനീളം സന്നദ്ധ സേവനം തുടരുന്നവരാണ് യൂറോപ്യൻ മിഷൻ ഫെലോഷിപ്പ്. നിലവിൽ യുക്രൈന് ഉൾപ്പെടെ യൂറോപ്പിലുടനീളം 19 രാജ്യങ്ങളിലായി തൊണ്ണൂറിലധികം ജീവനക്കാര്‍ സേവനം ചെയ്യുന്നുണ്ട്.
