റിയാദ്/കെയ്‌റോ: 129 ദിവസം മുമ്പാണ് ഹമാസ്-ഇസ്രായേല്‍ പ്രശ്‌നം ഏറ്റവും ഒടുവില്‍ രൂക്ഷമായിത്തുടങ്ങിയത്. ആദ്യം എല്ലാവരും ഇസ്രായേല്‍ ആക്രമണത്തിനെതിരെ രംഗത്തുവന്നെങ്കിലും പ്രതിഷേധ സ്വരം ഒടുവില്‍ ഇറാന്‍, ഹിസ്ബുല്ല, ഹൂതികള്‍ എന്നിവരില്‍ നിന്ന് മാത്രമായി. എന്നാല്‍ ഇപ്പോള്‍ എല്ലാം അട്ടിമറിഞ്ഞിരിക്കുന്നു. ഇസ്രായേലിനെ യുഎന്നില്‍ നിന്ന് പുറത്താക്കണമെന്ന് ഇറാന്‍ ആവശ്യപ്പെട്ടു.
ആക്രമണം നിര്‍ത്തില്ലെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആവര്‍ത്തിക്കുകയാണ്. വടക്കന്‍ ഗാസയില്‍ നിന്ന് പലസ്തീന്‍കാര്‍ കൂട്ടത്തോടെ തെക്കന്‍ ഗാസയിലെത്തി. കഴിഞ്ഞ ദിവസം ഇസ്രായേല്‍ തെക്കന്‍ ഗാസയില്‍ ആക്രമണം നടത്തി മുപ്പതോളം പേരെ കൊലപ്പെടുത്തി. ഇനിയും ആക്രമണം തുടര്‍ന്നാല്‍ പലസ്തീന്‍കാര്‍ റഫാ അതിര്‍ത്തി കടക്കുമെന്ന സാഹചര്യം വന്നപ്പോഴാണ് പ്രമുഖ രാജ്യങ്ങളുടെ സ്വരം മാറുന്നത്. പലസ്തീനും ഈജിപ്തിനുമിടയിലുള്ള അതിര്‍ത്തിയാണ് റഫാ. ഈ നഗരത്തിലാണ് ലക്ഷക്കണക്കിന് പലസ്തീന്‍ അഭയാര്‍ഥികള്‍ താമസിക്കുന്നത്. പലായനം ചെയ്‌തെത്തിയവര്‍ക്ക് നേരെ ആക്രമണം നടത്തിയ ഇസ്രായേല്‍ നടപടി ഒരിക്കലും അംഗീകരിക്കാനാകില്ലെന്ന് യുഎഇ, സൗദി, ജോര്‍ദാന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ വ്യക്തമാക്കി.
