ഗുഹാവത്തി: ക്രൈസ്‌തവർ നടത്തുന്ന സ്‌കൂളുകളിലെ ക്രിസ്‌തുവിന്റെയുംരൂപങ്ങളും കുരിശും ഉടൻ മാറ്റണമെന്ന് തീവ്രഹിന്ദുത്വ സംഘടനയുടെ അന്ത്യശാസനം. സ്കൂളുകളിൽ ജോലിചെയ്യുന്ന വൈദികരും സിസ്റ്റേഴ്‌സും സഭാ വസ്ത്രങ്ങൾ ധരിച്ച് ജോലിചെയ്യരുതെന്നും സ്‌കൂളുകളിൽ ക്രൈസ്‌തവ പ്രാർത്ഥനകൾ പാടില്ലെന്നും ഇവർ ഭീഷണി മുഴക്കിയിട്ടുണ്ട്. കുടുംബസുരക്ഷാ പരിഷത്ത് പ്രസിഡന്റ് സത്യരഞ്ജൻ ബറുവ ഗുഹാവത്തിയിൽ നടത്തിയ പത്രസമ്മേളനത്തിലാണ് ഈ ആവശ്യമുന്നയിച്ചത്.
15 ദിവസത്തിനകം ആവശ്യങ്ങൾ നടപ്പാക്കിയില്ലെങ്കിൽ തങ്ങൾ ‘വേണ്ടതു’ ചെയ്യുമെന്നും അതിന്റെ ഉത്തരവാദിത്വം സ്ഥാപന അധികൃതർക്കായിരിക്കുമെന്നും ഭീഷണിപ്പെടുത്തിയിട്ടുമുണ്ട്. ക്രിസ്ത്യൻ മിഷ്ണറിമാർ സ്‌കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും മത കേന്ദ്രങ്ങളാക്കുകയാണെന്നും തങ്ങൾ ഇതനുവദിക്കില്ലെന്നും രഞ്ജൻ ബറുവ പറഞ്ഞു. ഞങ്ങൾ ദയ കാണിക്കില്ല, എന്താണ് ചെയ്യുക എന്നു പറയാനും കഴിയില്ല. അദ്ദേഹം പറഞ്ഞു.
ക്രിസ്ത്യൻ സഭയുടെ നേതൃത്വത്തിൽ ഇരുന്നൂറ്റിഅന്‍പതിലധികം സ്‌കൂളുകൾ ആസാമിലുണ്ട്. ആസാമിന്റെ വികസനത്തിലും വിദ്യാഭ്യാസ മുന്നേറ്റ ത്തിലും ക്രൈസ്‌തവരുടെ സേവനം നിസ്തുലമാണ്. പതിറ്റാണ്ടുകളായി മിഷണറിമാർ ഇവിടെ സേവനം ചെയ്യുന്നു. ഇപ്പോഴുണ്ടായിരിക്കുന്ന ആശങ്കകൾ ചർച്ച ചെയ്യുന്നതിനായി ഞായറാഴ്‌ച ആസാം കാത്തലിക് എഡ്യുക്കേഷൻ ട്രസ്റ്റ് യോഗം ചേരുമെന്ന് ഭാരവാഹികൾ അറിയിച്ചു.
