Ultimate magazine theme for WordPress.

118 വര്‍ഷം പഴക്കമുള്ള മിഷ്ണറി സ്കൂൾ അടച്ചുപൂട്ടൽ ഭീഷണിയിൽ

ശ്രീനഗർ: കാശ്മീരിൽ വിദ്യാഭ്യാസമേഖലയിൽ നിർണ്ണായക പങ്കുവഹിച്ച മിഷ്ണറി സ്കൂള്‍ അടച്ചുപൂട്ടലിന്റെ വക്കില്‍. 118 വര്‍ഷം പഴക്കമുള്ള വടക്കൻ കശ്മീരിലെ ബാരാമുള്ള ജില്ലയിലുള്ള സെൻ്റ് ജോസഫ്സ് ഹയർസെക്കൻഡറി സ്കൂളാണ് ഭരണകൂടത്തിന്റെ നിസംഗത പുലര്‍ത്തുന്ന നിലപാടിനെ തുടര്‍ന്നു ഭീഷണി നേരിടുന്നത്. സ്കൂൾ അഡ്മിനിസ്ട്രേഷനു ഭൂമി പട്ടയം പുതുക്കി നല്‍കാത്തതിനെ തുടര്‍ന്നു സ്കൂള്‍ അടച്ചുപൂട്ടലിന് വക്കിലാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കിൻ്റർഗാർട്ടൻ മുതൽ 12 വരെ 3,000-ത്തിലധികം വിദ്യാർത്ഥികള്‍ പഠിക്കുന്ന വിദ്യാലയമാണ് ഇത്.

ഭൂമി പാട്ടത്തിൻ്റെ രേഖകൾ ഇല്ലാത്തതിനാൽ ബോർഡ് പരീക്ഷകൾക്ക് വിദ്യാർത്ഥികളെ രജിസ്റ്റർ ചെയ്യാൻ അധികാരികൾ വിസമ്മതിച്ചതായാണ് റിപ്പോർട്ട്. 1905-ലാണ് സ്‌കൂൾ മാനേജ്മെന്‍റ് അധികാരികൾ പാട്ടത്തിനെടുത്ത സർക്കാർ ഭൂമിയില്‍ സ്ഥാപിച്ചത്. ഭൂമിയുടെ പാട്ടം കാലഹരണപ്പെടുന്നതിന് മുമ്പ് തന്നെ പുതുക്കുന്നതിനായി ബന്ധപ്പെട്ട സർക്കാർ വകുപ്പിനെ സമീപിച്ചിരുന്നുവെങ്കിലും യാതൊരു നടപടിയുമുണ്ടായില്ല. ഭൂമിയുടെ പാട്ടത്തിൻ്റെ കാലാവധി 2018-ൽ അവസാനിച്ചു.

ബാരാമുള്ളയിലെ ഡെപ്യൂട്ടി കമ്മീഷണറുടെ ശുപാർശ ഉൾപ്പെടെയുള്ള ഫയൽ 2022 ഏപ്രിൽ മുതൽ കശ്മീരിലെ ഡിവിഷണൽ കമ്മീഷണറുടെ ഓഫീസിൽ അംഗീകാരത്തിനായി കാത്തിരിക്കുകയാണെന്ന് സ്കൂൾ മാനേജ്‌മെൻ്റ് പറയുന്നു. 2022-ൽ ജമ്മു കശ്മീരിലെ ഗവർണർ ഭരണകൂടം, സ്വകാര്യ സ്കൂളുകൾ ഭൂമിയും കെട്ടിടങ്ങളും ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട പുതിയ മാർഗ്ഗനിർദ്ദേശങ്ങൾക്കായി 2002 ലെ വിദ്യാഭ്യാസ നിയമത്തിന് കീഴിലുള്ള ചട്ടങ്ങളിൽ ഭേദഗതി വരുത്തിയിരിന്നു. ഇതേ തുടര്‍ന്നു സർക്കാർ ഭൂമിയിൽ സ്ഥാപിതമായ എല്ലാ സ്വകാര്യ സ്കൂളുകളിലും എൻറോൾ ചെയ്ത കുട്ടികളുടെ വിദ്യാഭ്യാസം അവിടെ നിന്നു പൂര്‍ണ്ണമായും ഒഴിവാക്കണമെന്നും നിര്‍ദ്ദേശിക്കപ്പെട്ടു.

അധികാരികൾ ഭൂമി പാട്ടം പുതുക്കാത്തതിനാൽ, ബോർഡ് പരീക്ഷയ്ക്ക് വിദ്യാർത്ഥികളെ രജിസ്റ്റർ ചെയ്യാൻ സ്കൂൾ വിദ്യാഭ്യാസ ബോർഡ് വിസമ്മതിച്ചതായി റിപ്പോർട്ട്. വരാനിരിക്കുന്ന പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്യാൻ കഴിയാത്തതിനാൽ ആയിരക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.

Sharjah city AG