മനാഗ്വേ: നിക്കരാഗ്വേൻ ഏകാധിപത്യ ഭരണകൂടം അറസ്റ്റ് ചെയ്തു തടങ്കലിലാക്കിയ മെത്രാന്‍മാരും വൈദികരും മോചിതരായി. ഡാനിയേൽ ഒർട്ടേഗയുടെ സ്വേച്ഛാധിപത്യ ഭരണകൂടം തടവിലാക്കപ്പെട്ട രണ്ട് നിക്കരാഗ്വേൻ ബിഷപ്പുമാരെയും 15 വൈദികരെയും സെമിനാരി വിദ്യാര്‍ത്ഥികളെയും വത്തിക്കാനു കൈമാറിയതായി റിപ്പോര്‍ട്ട് ചെയ്യുന്നു. മോചിതരായവര്‍ റോമിലെത്തിയെന്നും അതിഥികളായി അവരെ സ്വാഗതം ചെയ്തതായും വത്തിക്കാൻ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കടുത്ത ജനാധിപത്യ വിരുദ്ധ നയമാണ് രാജ്യം ഭരിക്കുന്ന ഡാനിയേല്‍ ഒര്‍ട്ടേഗ പിന്തുടരുന്നത്. ഇതിനെതിരെ ശക്തമായ വിയോജിപ്പുമായി സഭ രംഗത്തുണ്ട്. ഈ സമീപനമാണ് ഭരണകൂടത്തെ സഭയെ ശത്രുവാക്കി മാറ്റിയത്. സഭയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയും മെത്രാന്മാരെയും വൈദികരെയും തടങ്കലിലാക്കിയും സന്യാസ സമൂഹങ്ങളെ പുറത്താക്കിയും ഭരണകൂട വേട്ടയാടല്‍ രാജ്യത്തു തുടരുകയായിരിന്നു. ഇതിനിടെ തടങ്കലിലാക്കിയ മെത്രാന്മാരെയും വൈദികരെയും മോചിപ്പിച്ചെന്ന വാര്‍ത്ത രാജ്യത്തെ ക്രൈസ്തവര്‍ക്ക് പുതു പ്രതീക്ഷ പകര്‍ന്നിരിക്കുകയാണ്.
