ടോക്യോ : ജപ്പാനിൽ ഇന്നലെയുണ്ടായത് 155 ഭൂചലനങ്ങളെന്ന് റിപ്പോർട്ട്. ഇന്ന് പുലർച്ചെ ആറ് ശക്തമായ പ്രകമ്പനങ്ങള്‍ അനുഭവപ്പെട്ടതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 12 പേരുടെ മരണമാണ് പ്രാഥമികമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. വീടുകള്‍ക്ക് ഉള്‍പ്പെടെ നാശനഷ്ടങ്ങളുണ്ടായി. തകർന്ന കെട്ടിടങ്ങൾ, തുറമുഖത്ത് മുങ്ങിയ ബോട്ടുകൾ എന്നിങ്ങനെയുള്ള ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇന്ന് ഇഷികാവയില്‍ തുടര്‍ ചലനത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. ഇന്നലെ ഉണ്ടായതിൽ 7.6ഉം 6ഉം തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉള്‍പ്പെടെ കൂടുതലും 3ൽ കൂടുതൽ തീവ്രതയുള്ളവയായിരുന്നു. ജപ്പാന്‍റെ മധ്യഭാഗത്താണ് ഭൂചലനം അനുഭവപ്പെട്ടത്. തിരമാലകള്‍ ഒരു മീറ്റര്‍ ഉയരത്തില്‍ ആഞ്ഞടിച്ചു. മേഖലയിലെ 32,700 വീടുകളിൽ വൈദ്യുതി മുടങ്ങിയതായാണ് റിപ്പോര്‍ട്ട്.
