ന്യൂഡെല്‍ഹി: എല്ലാത്തരം വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരെയും നടപടിയെടുക്കണമെന്ന് സുപ്രീം കോടതി. വിദ്വേഷ പ്രസംഗങ്ങള്‍ തടയാന്‍ ഒരു സംവിധാനം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഒരു കൂട്ടം ഹര്‍ജികള്‍ ഫെബ്രുവരിയില്‍ വാദം കേള്‍ക്കാന്‍ സമ്മതിച്ചുകൊണ്ടാണ് സുപ്രീം കോടതി ഇപ്രകാരം അഭിപ്രായപ്പെട്ടത്.”വിദ്വേഷ പ്രസംഗങ്ങളുടെ പ്രശ്നത്തെക്കുറിച്ച് ഞങ്ങള്‍ക്ക് ഇന്ത്യയെ മുഴുവന്‍ ഉള്‍ക്കൊള്ളിച്ചുള്ള ഒരു നിരീക്ഷണം നടത്താന്‍ കഴിയില്ല. ഇന്ത്യ പോലെ വലിയ ഒരു രാജ്യത്ത് പ്രശ്നങ്ങള്‍ ഉണ്ടാകും. എന്നാല്‍ ചോദിക്കേണ്ട ചോദ്യം അത് കൈകാര്യം ചെയ്യാന്‍ ഒരു ഭരണ സംവിധാനം ഉണ്ടോ എന്നതാണ്,’ വിദ്വേഷ പ്രസംഗങ്ങളുടെ നിരവധി ഉദാഹരണങ്ങള്‍ ഉദ്ധരിച്ച് വ്യക്തികളും ഗ്രൂപ്പുകളും സമര്‍പ്പിച്ച അപേക്ഷകള്‍ പരിശോധിച്ച ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ നേതൃത്വത്തിലുള്ള ബെഞ്ച് പറഞ്ഞു,കേസ് അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ വാദം കേള്‍ക്കുമെന്ന് ബെഞ്ച് അറിയിച്ചു.
ഗോ സംരക്ഷക സംഘങ്ങള്‍ നടത്തുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങളും വിദ്വേഷ കുറ്റകൃത്യങ്ങളും വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് ഈ വിധി പുറപ്പെടുവിച്ചത്. ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കും വിദ്വേഷ കുറ്റകൃത്യങ്ങള്‍ക്കുമെതിരെ പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നതിന് രാജ്യത്തെ എല്ലാ ജില്ലയിലും പോലീസ് സൂപ്രണ്ട് റാങ്കില്‍ കുറയാത്ത നോഡല്‍ ഓഫീസര്‍ ഉണ്ടായിരിക്കണമെന്ന് കോടതി ഉത്തരവിട്ടു.