ന്യൂഡൽഹി: മ്യാൻമറിൽ ആഭ്യന്തര കലാപം രൂക്ഷമായതിനെ തുടർന്ന് ജനങ്ങൾ ഇന്ത്യയിലേക്ക് പലായനം ചെയ്യുന്നു. അഭയാർഥി പ്രവാഹം വർധിച്ചതിനാൽ അതിർത്തിയിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
വ്യോമാക്രമണം ശക്തമാക്കിയതോടെ പരിക്കേറ്റവരടക്കം ആയിരത്തോളം പേർ അതിർത്തി വഴി ഇന്ത്യയിലെത്തി. മിസോറാമിന്റെ അതിർത്തി മേഖലയിലാണ് ജനങ്ങൾ അഭയം പ്രാപിക്കുന്നത്. വ്യോമാക്രമണത്തിൽ പരിക്കേറ്റ സ്ത്രീകളും കുട്ടികളുമടക്കം 20 പേർക്ക് ഇന്നലെ മിസോറാമിലെ ചമ്പായ ജില്ലാ ആശുപത്രിയിൽ ചികിത്സ നൽകിയതായി അധികൃതർ അറിയിച്ചു. മ്യാൻമറിലെ മിസോറാമിനോട് ചേർന്നുള്ള ചിൻ സംസ്ഥാനത്താണ് ആക്രമണം നടന്നത്.
റിഖാവ്ധർ ഗ്രാമത്തിലെ സൈനിക പോസ്റ്റ് വിമതർ പിടിച്ചെടുത്തതിനെ തുടർന്നാണ് വ്യോമാക്രമണം ശക്തമാക്കിയത്. 2020-ൽ സൈന്യം അധികാരം പിടിച്ചെടുത്ത ശേഷം, എംപിമാരും എംഎൽഎമാരും ഓങ് സാൻ സൂചിയുടെ രാഷ്ട്രീയ പാർട്ടിയായ നാഷണൽ ലീഗ് ഫോർ ഡെമോക്രസിയുടെ പ്രവർത്തകരും ഉൾപ്പെടെ 30,000 പേർ മിസോറാമിൽ അഭയം തേടി.
