ന്യൂഡല്‍ഹി: വായു മലിനീകരണ വിഷയത്തില്‍ ഡല്‍ഹി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി. സര്‍ക്കാര്‍ രാഷ്ട്രീയക്കളി അവസാനിപ്പിച്ച് പരിഹാരം കാണണമെന്ന് കോടതി ഉത്തരവിട്ടു. കൊലപാതകത്തിന് തുല്യമായ കാര്യമാണ് ഇപ്പോള്‍ നടക്കുന്നത്. കാര്‍ഷികാവശിഷ്ടങ്ങള്‍ക്ക് തീയിടുന്നത് അടിയന്തരമായി തടയണമെന്നും കോടതി പറഞ്ഞു. എല്ലാ വര്‍ഷവും ഇങ്ങനെ സഹിച്ചിരിക്കാന്‍ പറ്റില്ല. മലിനീകരണം പേടി സ്വപ്നമായി മാറുന്നുവെന്നും സുപ്രീംകോടതി വ്യക്തമാക്കി.
വായുമലിനീകരണത്താല്‍ ഡല്‍ഹിയിലെ ജനങ്ങള്‍ കടുത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുകയാണ്. നടപടി പേപ്പറില്‍ മാത്രം ഒതുങ്ങിയാല്‍ പോര. ഡല്‍ഹിയും, പഞ്ചാബും ഭരിക്കുന്നത് ഒരേ പാര്‍ട്ടിയല്ലേയെന്നും കോടതി ചോദിച്ചു. കാര്‍ഷികാവശിഷ്ടങ്ങള്‍ കത്തിക്കുന്നത് പോലെ ഗുരുതരമാണ് വാഹനങ്ങള്‍ ഉണ്ടാക്കുന്ന മലിനീകരണവുമെന്ന് കോടതി പറഞ്ഞു. പഞ്ചാബില്‍ കാര്‍ഷികാ വിശിഷ്ടങ്ങള്‍ കത്തിക്കുന്നത് തടയാന്‍ പോലീസിനെ ഇറക്കണം. ഇനി കത്തിച്ചാല്‍ ഉത്തരവാദിത്തം പോലീസിനായിരിക്കുമെന്നും കോടതി വ്യക്തമാക്കി.
സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്ക് അടിയന്തര നിര്‍ദേശം നല്‍കണമെന്നും മലിനീകരണത്തില്‍ ഒരിഞ്ച് പോലും വിട്ടുവീഴ്ചക്ക് ഇനി പറ്റില്ലെന്നും കോടതി വ്യക്തമാക്കി. മലിനീകരണം തടയാനുള്ള നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതിന് 27,743 പിഴ ചെലാനുകള്‍ നല്‍കിയിട്ടുണ്ടെന്ന് ഡല്‍ഹി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കഴിഞ്ഞ മാസം വരെ 15 വര്‍ഷത്തിലധികം പഴക്കമുള്ള 14,885 വാഹനങ്ങള്‍ കണ്ടു കെട്ടിയിട്ടുണ്ട്.