ന്യൂഡൽഹി: സ്വവർഗ വിവാഹത്തിൽ സുപ്രീം കോടതിയുടെ ചരിത്രപരമായ വിധി. സ്വവർഗ വിവാഹത്തിന് നിയമസാധുത നൽകുന്നതിനെ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് 3-2 എന്ന നിലയില്‍ എതിർത്തതോടെയാണ് വിഷയത്തില്‍ അന്തിമ തീരുമാനമായത്. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് സഞ്ജയ് കൗൾ എന്നിവർ സ്വവർഗ വിവാഹത്തിന് നിയമസാധുത നൽകുന്നതിനെ അനുകൂലിച്ചപ്പോള്‍ ജസ്റ്റിസ് രവീന്ദ്ര ഭട്ട്, ജസ്റ്റിസ് ഹിമ കോലി, ജസ്റ്റിസ് പി.എസ്. നരസിംഹ എന്നിവർ ശക്തമായി എതിര്‍ത്തിരിന്നു. സ്വവർഗ വിവാഹം നിയമവിധേയമാക്കുന്നതിനെ കേന്ദ്രസർക്കാരും നേരത്തെ കോടതിയിൽ എതിർത്തിരുന്നു.
പങ്കാളിയെ തെരഞ്ഞെടുക്കാൻ വ്യക്തിക്ക് അവകാശം ഉണ്ടെങ്കിലും സ്വവർഗ വിവാഹത്തിന് നിയമസാധുത നൽകാനാവില്ല. സ്വവർഗവിവാഹങ്ങൾ അംഗീകരിച്ചുകൊണ്ട് പ്രത്യേക വിവാഹനിയമത്തിൽ മാറ്റം വരുത്താൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. പ്രത്യേക വിവാഹ നിയമം മാറ്റാനാവില്ലെന്നുമാണ് ഭൂരിപക്ഷ വിധി. കുട്ടികളെ ദത്തെടുക്കാനുള്ള അവകാശവും നൽകാനാവില്ല. എന്നാൽ സാമൂഹ്യ ക്ഷേമ ആനുകൂല്യങ്ങൾ ഉറപ്പാക്കണമെന്നും കോടതി വിധിയില്‍ പറയുന്നു. ക്രൈസ്തവ വിശ്വാസമനുസരിച്ച് വിവാഹം ഉടമ്പടിയും സ്ത്രീയും പുരുഷനും തമ്മിലുള്ള ബന്ധവുമാണ്. സ്വവര്‍ഗാനുരാഗികള്‍ തമ്മിലുള്ള വിവാഹ ബന്ധത്തെ സഭ അംഗീകരിക്കുന്നില്ല.
