ഉത്തർപ്രദേശിൽ ആളുകളെ മതപരിവർത്തനം ചെയ്യാൻ ശ്രമിച്ചുവെന്ന കുറ്റം ചുമത്തി പ്രമുഖ ക്രിസ്ത്യൻ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ വൈസ് ചാൻസലറെ അറസ്റ്റ് ചെയ്യുന്നതിൽ നിന്ന് പൊലീസിനെ വിലക്കി സുപ്രീം കോടതി. സാം ഹിഗ്ഗിൻബോട്ടം യൂണിവേഴ്‌സിറ്റി വൈസ് ചാൻസലറായ രാജേന്ദ്ര ബിഹാരി ലാലിനെതിരെ മതപരിവർത്തന ആരോപണവുമായി ബന്ധപെട്ടു നിരവധി പോലീസ് കേസുകൾ നിലവിലുണ്ട്. രാജേന്ദ്ര ബിഹാരി ലാലിനെതിരായ “നിർബന്ധ നടപടികളിൽ” നിന്ന് വിട്ടുനിൽക്കാൻ കോടതി പോലീസിനോട് ആവശ്യപ്പെട്ടു.ന്യൂമോണിയ ബാധിച്ച് ചികിത്സയിൽ കഴിയുന്ന ലാലിനെ ന്യൂഡൽഹിയിലെ ആശുപത്രിയിൽ നിന്ന് അറസ്റ്റ് ചെയ്യുന്നത് തടയാൻ മുതിർന്ന അഭിഭാഷകൻ സിദ്ധാർത്ഥ് ദവെ കോടതിയുടെ അടിയന്തര ഇടപെടൽ ആവശ്യപ്പെടുകയായിരുന്നു
“കൂടുതൽ ഉത്തരവുകൾക്കായി, ഹർജിക്കാരന് എതിരായ നിർബന്ധിത നടപടികൾ സ്റ്റേ ചെയ്യും,”എന്ന് കോടതിയുടെ ഉത്തരവിൽ പറയുന്നു.
സംസ്ഥാനത്തെ സർക്കാർ നടപ്പാക്കിയ മതപരിവർത്തന വിരുദ്ധ നിയമം ലംഘിച്ചതിന് ഈ വർഷം ജൂലൈ, സെപ്തംബർ മാസങ്ങളിൽ ലാലിനെതിരെ രജിസ്റ്റർ ചെയ്ത രണ്ട് കേസുകളുമായി ബന്ധപ്പെട്ടാണ് പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ചത്. അദ്ദേഹം ന്യുമോണിയ ബാധിച്ച് വെന്റിലേറ്ററിന്റെ പിന്തുണയിലാണെന്നും അഭിഭാഷകൻ സുപ്രീം കോടതിയിൽ പറഞ്ഞു.