മനാഗ്വേ: ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ നിക്കരാഗ്വേയിലെ ഒർട്ടേഗ സ്വേച്ഛാധിപത്യ ഭരണകൂടം രണ്ട് വൈദികരെ കൂടി അകാരണമായി അറസ്റ്റ് ചെയ്തു. ഇതോടെ ഈ മാസത്തിന്റെ ആരംഭം മുതൽ എട്ട് ദിവസത്തിനുള്ളിൽ ആകെ ആറ് വൈദികരെയാണ് ഏകാധിപത്യ ഭരണകൂടം അറസ്റ്റ് ചെയ്തിരിക്കുന്നത്. എസ്തേലി രൂപതയിലെ ഔവർ ലേഡി ഓഫ് ലൂർദ് ഇടവകയുടെ വികാരിയായ ഫാ. യെസ്‌നർ സിപ്രിയാനോ പിനേഡ മെനെസെസ് (37) ആണ് അറസ്റ്റിലായ ആദ്യത്തെ വൈദികൻ. സാൻഡിനിസ്റ്റ പോലീസാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തതെന്ന് എൽ കോൺഫിഡൻഷ്യൽ പത്രം റിപ്പോർട്ട് ചെയ്തു. പിനേഡയെ കൂടാതെ, ബ്ലൂഫീൽഡ് രൂപതയിലെ എൽ രാമ പട്ടണത്തിലെ ഔവർ ലേഡി ഓഫ് ഫാത്തിമ ഇടവകയുടെ വികാരിയായ ഫാ. റാമോൺ എസ്തബാൻ ആംഗുലോ റെയ്‌സാണ് അറസ്റ്റിലായ രണ്ടാമത്തെ വൈദികന്‍.